കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കാര്‍ സ്റ്റിക്കറൊട്ടിച്ച് നിരത്തിലിറക്കിയതില്‍ പ്രതികരണവുമായി ഇ ബുള്‍ ജെറ്റ്. സിനിമാതാരങ്ങള്‍ക്ക് എന്തുമാകാം പക്ഷെ പാവപ്പെട്ട ബ്ലോഗര്‍മാര്‍ ചെയ്താല്‍ നിയമവിരുദ്ധമാകുമെന്നാണ് ഇ ബുള്‍ജെറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ പ്രതികരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
ഇ ബുള്‍ ജെറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'എംവിഡിയുടെ ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്തത് തെറ്റ് കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല. ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു. എന്നാല്‍ ഈ വാഹനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഡ്രിഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും, ഞങ്ങള്‍ തെറ്റ് ആയി മാറുന്നതും എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.'
യൂട്യൂബറായ മല്ലു ട്രാവലറാണ് നിയമവുരുദ്ധമായി കുറുപ്പ് ടീം വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രമോഷന്‍ നടത്തിയെന്ന് ആരോപിച്ചത്. സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത മറ്റൊരു വാഹനം തുരുമ്പെടുക്കാന്‍ തുടങ്ങി. എന്നാല്‍ പ്രമോഷന് വേണ്ടി വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കാമെന്നാണോ എന്നാണ് മല്ലു ട്രാവലര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം വിഷയത്തില്‍ വിശദീകരണവുമായി കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. നിയമപ്രകാരം പണം നല്‍കിയാണ് പ്രമോഷന് വേണ്ടി വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത്. പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇത് സംബന്ധിച്ച് നിയമപ്രകാരമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് വാഹനം നിരത്തിലിറക്കിയതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.