പ്രതിസന്ധികളും പ്രതീക്ഷകളും നിറഞ്ഞ യാത്രക്കൊടുവില്‍ കുറുപ്പ് തിയറ്ററിലേക്കെത്തുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. നവംബര്‍ 12ന് ചിത്രം ഇന്ത്യയിലും പുറത്തും തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിക്കൊടുവില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സന്തോഷമറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ഏകദേശം ഒരു വര്‍ഷം നീണ്ടു നിന്ന ചിത്രീകരണം. അതിന് ശേഷം മാസങ്ങളെടുത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും. പിന്നെ കൊവിഡ് മഹാമാരിയും വന്നു. കുറുപ്പ് വെളിച്ചം കാണുമോ എന്ന് വരെ സംശയിച്ചിരുന്നു. എന്നാല്‍ തിയറ്റര്‍ തുറക്കും വരെ പ്രേക്ഷകര്‍ തന്ന സ്‌നേഹവും കരുതലുമാണ് പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ കരുത്തായതെന്ന് ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിന്റെ വാക്കുകള്‍:
'അങ്ങനെ അവസാനം ഞങ്ങള്‍ കുറുപ്പിനെ സ്വതന്ത്രമാക്കാന്‍ ഒരുങ്ങുകയാണ്. അവസാനം കൂട്ടിലടക്കപ്പെട്ട ഞങ്ങളുടെ വലിയ സിനിമ കുറുപ്പ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.
പ്രയാസങ്ങളും പ്രതീക്ഷകളും നിറഞ്ഞൊരു യാത്രയായിരുന്നു ഇത്. വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ കഥയും, ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട ചിത്രീകരണവും. പിന്നെ മാസങ്ങളോളം വന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും. അവസാനം കൊവിഡ് എന്ന മഹാമാരിയും വന്നു. കുറുപ്പ് വെളിച്ചം കാണുമോ എന്ന് സംശയിച്ച ഒരുപാട് മാസങ്ങളുണ്ടായിരുന്നു. പക്ഷെ തിയറ്റര്‍ തുറക്കുന്നത് വരെ നിങ്ങളെല്ലാവരും തന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് ആ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ കരുത്തായത്.
എന്റെ രണ്ടാമത്തെ കുഞ്ഞിനെ പോലെയാണ് എനിക്ക് കുറുപ്പെന്ന് ഞാന്‍ എന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും പലപ്പോഴായി പറഞ്ഞിരുന്നു. ഈ സിനിമ മികച്ചതാവാന്‍ വേണ്ടി ഞാന്‍ ചെയ്യാത്തതായി ഒന്നുമില്ല. ശാരീരികമായും മാനസികമായും, സാമ്പത്തികമായും ഞാന്‍ ഈ സിനിമക്ക് വേണ്ടി എന്റെ എല്ലാം തന്നെ നല്‍കിയിട്ടുണ്ട്. ഞാന്‍ ഒരുപാട് തവണ 'ഞാന്‍' എന്ന വാക്ക് ഉപയോഗിച്ചു. അതൊരിക്കലും സിനിമയില്‍ പ്രവര്‍ത്തിച്ച ആരുടെയും പരിശ്രമം കുറച്ച് കാണിക്കാനല്ല. അവരെല്ലാമാണ് കുറുപ്പിനെ സിനിമയാക്കിയത്. ഈ സിനിമയോട് എനിക്ക് എത്രത്തോളം ആത്മബന്ധമുണ്ടെന്ന് പറഞ്ഞെന്നെ ഉള്ളു.
ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഈ സിനിമയെ ഒരുമിച്ച് കൊണ്ടുവരാന്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തു. അതിനോട് നീതി പുലര്‍ത്താനും, അതിനെ പരിപോഷിപ്പിക്കാനും എല്ലാം ഞങ്ങള്‍ ഒരുമിച്ചുണ്ടായി.
ഞാന്‍ നേരത്തെ പറഞ്ഞപോലെ കുറിപ്പിന് അതിന്റെതായൊരു വിധിയുണ്ടായിരുന്നു. പുറത്തുവരാനുള്ള സമയമാവാതെ കുറിപ്പ് റിലീസ് ആവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ കുറുപ്പ് സ്വതന്ത്രമാവാനുള്ള സമയമായി കഴിഞ്ഞു. കുറുപ്പിന് നിങ്ങള്‍ ചിറകുകള്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് ഉയരങ്ങിലെത്തട്ടെ......'