പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടൻ ദുൽഖർ സൽമാൻ. കൂടുതൽ പണം കിട്ടുന്നത് കൊണ്ടല്ല കൂടുതലായി താൻ തെലുങ്ക് ചിത്രങ്ങളുടെ ഭാഗമാകുന്നത് എന്നും നല്ല സിനിമകൾ ചെയ്യാനാണ് തന്റെ ശ്രമമെന്നും ദുൽഖർ പറയുന്നു. ഒരുപാട് പ്രതിഫലം നൽകി ഒരു റീമേക്ക് ചിത്രത്തിൽ അഭിനയിക്കാൻ തന്നോട് ആവശ്യപ്പെട്ടാൽ താൻ അത് സ്വീകരിക്കില്ലെന്നും ഒർജിനൽ സിനിമകൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും ദുൽഖർ സൽമാൻ ഗ്രേറ്റ് ആന്ദ്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദുൽഖർ സൽമാൻ പറഞ്ഞത്:
എനിക്ക് നിങ്ങൾ ഒരുപാട് പണം തന്നത് കൊണ്ടു ഞാനൊരു തെലുങ്ക് സിനിമ ചെയ്യില്ല. എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. വലിയ പ്രതിഫലം നൽകി എനിക്ക് ഒരു റീമേക്ക് ചിത്രം ഓഫർ ചെയ്താൽ ഞാൻ അത് സ്വീകരിക്കില്ല. എനിക്ക് എപ്പോഴും ഒർജിനൽ സിനിമകൾ ചെയ്യാനാണ് താൽപര്യം. ഇപ്പോൾ പോലും വലിയ പ്രതിഫലത്തിന് ഒരു ഒടിടി എന്നെ ഹിന്ദിയിൽ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അതിന് വേണ്ടി എനിക്ക് അവർക്ക് ഓഫർ ചെയ്തത്. പക്ഷേ എനിക്ക് അത് വേണ്ടായിരുന്നു. ഞാൻ അവരോട് നോ പറഞ്ഞു. ഒരു സിനിമയിൽ ഞാൻ കൊണ്ടു വരേണ്ട മൂല്യങ്ങളെക്കുറിച്ച് ഞാൻ ബോധവാനാണ്. അതിന് അനുസരിച്ചാണ് ഞാൻ എന്റെ പ്രതിഫലം നിശ്ചയിക്കാറ്. പണമല്ല ഞാൻ നേടാൻ ശ്രമിക്കുന്നത്. ഞാൻ പരസ്യങ്ങളും നിക്ഷേപങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ പിന്തുടരുന്ന ഒരു റൂൾ ആണ് അത്. എന്റെ പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും ഞാൻ എന്റെ അച്ഛന്റെ മകനാണ്. ഒരു പ്രബലമായ കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്ന ആളാണ്. അതുകൊണ്ട് തന്നെ ഞാൻ പണത്തിന് വേണ്ടി എന്തെങ്കിലും ചെയ്താൽ അവൻ ഈ സിനിമ പണത്തിന് വേണ്ടി ചെയ്തതാണെന്ന് അവർക്ക് മനസ്സിലാകും. അത് ശരിയായ കാര്യമല്ല.
'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറാ'ണ് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ദുൽഖർ ചിത്രം. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്. സെൽവമണി സെൽവരാജ് ഒരുക്കുന്ന 'കാന്ത' എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. റാണ ദഗ്ഗുബതി ആണ് ചിത്രം നിർമിക്കുന്നത്. ഒരു പീരീഡ് സിനിമയായി ഒരുങ്ങുന്ന കാന്തയുടെ കഥ നടക്കുന്നത് 1950 കളിലാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും കാന്തയിലേതെന്നാണ് മുമ്പ് വെറൈറ്റി റിപ്പോർട്ട് ചെയ്തത്.