അടുത്ത വർഷം കുറച്ച് യങ് ആൻഡ് സ്റ്റൈലിഷായ സിനിമകൾ ചെയ്യണം എന്ന ആഗ്രഹം പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കുറച്ചു നാളുകളായി പീരിയഡ് സിനിമകൾ ചെയ്യുന്ന ട്രെൻഡിലാണ് താൻ പോയിക്കൊണ്ടിരിക്കുന്നതെന്നും അടുത്ത വർഷം അതിന് വിപരീതമായ ചിത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നും ദുൽഖർ പറഞ്ഞു. ദുൽഖർ സൽമാൻ നായകനായി ഒക്ടോബർ 31-ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രം 'ലക്കി ഭാസ്കർ' ഒരു പീരിയഡ് ചിത്രമാണ്. നിലവിൽ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രം കാന്തയും ഒരു പീരിയഡ് സിനിമയാണ്. ലക്കി ഭസ്കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ സംസാരിക്കവേയാണ് ദുൽഖർ സൽമാൻ ഇക്കാര്യം പറഞ്ഞത്.
ദുൽഖർ സൽമാൻ പറഞ്ഞത്:
ഒരു ഇടവേളയ്ക്ക് ശേഷം അടുത്തത് ഒരു മുഴുനീളൻ തമിഴ് സിനിമയുമായാണ് ഞാൻ വരുന്നത്. കാന്ത എന്ന ചിത്രമാണ് അത്. സിനിമയുടെ 40 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായി. അടുത്ത മാസത്തോടെ മുഴുവനും തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതും ഒരു പീരിയഡ് സിനിമയാണ്. എന്താണെന്ന് അറിയില്ല ഇപ്പോൾ കുറച്ചായി പീരിയഡ് സിനിമകൾ ചെയ്യുന്ന ട്രെൻഡിലാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് യങ് സിനിമകൾ അടുത്ത വർഷം ചെയ്യണം. എന്നിരുന്നാലും കാന്ത എന്ന ചിത്രം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. തമിഴ് ഭാഷയെ വളരെയധികം ആഘോഷിക്കുന്ന ചിത്രമാണ് അത്. ഒരു വ്യത്യസ്ത കാലഘട്ടത്തിലേക്ക് നിങ്ങളെ കൊണ്ടു പോകുന്ന സിനിമയായിരിക്കും കാന്ത. ഞാനും റാണ ദഗ്ഗുബാട്ടിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. 'ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന ഡോക്യുമെന്ററി ചെയ്ത സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതാണ് എന്റെ അടുത്ത പ്രൊജക്ട്.
'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറാ'ണ് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ദുൽഖർ ചിത്രം. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്.