'ഈ വാർത്ത എന്നെ തകർത്തുകളഞ്ഞു, ഇത്തരമൊരു ദുരനുഭവം ആര്‍ക്കും ഒരിടത്തുമുണ്ടാവരുത്'; വിദേശ വനിത കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ ദുൽഖർ

'ഈ വാർത്ത എന്നെ തകർത്തുകളഞ്ഞു, ഇത്തരമൊരു ദുരനുഭവം ആര്‍ക്കും ഒരിടത്തുമുണ്ടാവരുത്'; വിദേശ വനിത കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ ദുൽഖർ
Published on

സ്‌പെയിനിൽ നിന്നുള്ള വിനോദസഞ്ചാരി ജാർഖണ്ഡിലെ ദുംക ജില്ലയിൽ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് നടൻ ദുൽഖർ സൽമാൻ. ഈ വാർത്ത എന്നെ തകർത്തു കളഞ്ഞു എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ ദമ്പതികളുടെ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചു കൊണ്ട് ദുൽഖർ സൽമാൻ അറിയിച്ചത്. ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇത്തരമൊരു ദുരനുഭവം ആര്‍ക്കും ഒരിടത്തുമുണ്ടാവരുത്. ദുൽഖർ സൽമാൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. യുവതിയും ഭര്‍ത്താവും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ സംഭവത്തെക്കുറിച്ച് വിവരിക്കുന്ന വീഡിയോ പങ്കുവച്ചാണ് ദുൽഖർ സൽമാന്റെ പ്രതികരണം.

വീഡിയോയിൽ തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് യുവതി വിവരിക്കുന്നതിങ്ങനെ:

ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഞങ്ങൾ ഇന്ത്യയിലാണ്. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദ്ദിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്.

ജാർഖണ്ഡിലെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കി.മീ. അകലെ ദുംക ജില്ലയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു വിനോദസഞ്ചാരികളായ വിദേശികൾക്ക് നേരെ ആക്രമണം നടന്നത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാർഖണ്ഡിലെത്തിയ ഇവര്‍ ദുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്‍റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു.

ഭ​ഗല്‍പൂരില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ ഒരു രാത്രി തങ്ങാന്‍ ഇവര്‍ കുറുമാഹാട്ട് എന്ന സ്ഥലത്ത് ഒരു താല്‍ക്കാലിക സംവിധാനം ഒരുക്കുകയായിരുന്നു ദമ്പതിമാരെന്ന് പൊലീസ് പറയുന്നു. ഇവിടെവച്ചാണ് ആക്രമണവും കൂട്ടബലാല്‍സം​ഗവും ഉണ്ടായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും ദുംക എസ്‍പി പീതാംബര്‍ സിം​ഗ് ഖേര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ഭർത്താവിനും മർദ്ദനമേറ്റിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ജാർഖണ്ഡിലെ ആരോഗ്യമന്ത്രി ബന്നാ ഗുപ്ത പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in