ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ദുൽഖർ കഠിനാധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിയതെന്നും അദ്ദേഹം മാത്രമാണ് ശരിക്കുമുള്ള പാൻ ഇന്ത്യൻ സ്റ്റാർ എന്ന് നടൻ നാനി. ദുൽഖറിനായി തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ സംവിധായകർ കഥകൾ എഴുതുന്നു, അതാണ് ഒരു പാൻ ഇന്ത്യൻ സ്റ്റാറിന്റെ ലക്ഷണമെന്നും നാനി പറഞ്ഞു. ഹൈദരാബാദിൽ നടന്ന കിംഗ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഇവെൻറ്റിൽ സംസാരിക്കുകയായിരുന്നു നാനി.
ദുൽഖറിന്റെ തുടക്കകാലത്ത് തെലുങ്കിൽ 'ഓക്കെ ബംഗാരം' എന്ന സിനിമക്കായി അദ്ദേഹത്തിന് ശബ്ദം നൽകിയത് ഞാനാണ്. ഇവിടെ വരാനായതിലും ദുൽഖറിന്റെ ഈ യാത്രയിൽ പങ്കുചേരാൻ ആയതിലും സന്തോഷമുണ്ടെന്നും നാനി കൂട്ടിച്ചേർത്തു. 'കിംഗ് ഓഫ് കൊത്ത' നല്ല പ്രതീക്ഷ നൽകുന്നുണ്ടെന്നും നാനി പറഞ്ഞു. റാണാ ദഗ്ഗുബാട്ടി, നാനി എന്നിവരാണ് പ്രീ റിലീസ് ഇവെൻറ്റിൽ അതിഥികളായി എത്തിയത്.
ബിഗ് ബജറ്റ് സിനിമയായെത്തുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ഓഗസ്റ്റ് 24 നാണ് തിയറ്ററുകളിലെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മൊഴിമാറ്റി റിലീസിനൊരുങ്ങുന്ന സിനിമ കേരളത്തിൽ നാന്നൂറിൽപരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.
ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവഹിക്കുന്നു. ജേക്‌സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.