ജന്മദിനത്തില്‍ അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. 'കാന്ത' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് തെലുങ്ക് താരം റാണ ദഗ്ഗുബാട്ടിയയുടെ സ്പിരിറ്റ് മീഡിയയും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ്. സെല്‍വമണി സെല്‍വരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥയോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഞാന്‍ അഗാധമായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ടു പേരായ ദുല്‍ഖറിനും റാണയ്ക്കും ഒപ്പം ചേര്‍ന്നാണ് ഞാന്‍ ഈ കഥ സ്‌ക്രീനിലേക്ക് കൊണ്ടു വരുന്നത്. ഈ ചിത്രത്തിന്റെ കേന്ദ്ര ബിന്ദു എന്നത് ദുല്‍ഖറിന്റെ ആക്ടിങ് പവർ ആണെന്നും അദ്ദേഹത്തെപ്പോലെ കഴിവും റൂട്ടഡുമായ ഒരാളുമായി ഈ സ്വപ്നം നെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ടെന്നും സെല്‍വമണി സെല്‍വരാജ് പറഞ്ഞു. സിനിക്വസ്റ്റ് സാന്‍ ജോസ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയൻസ് അവാര്‍ഡ് നേടിയ ചിത്രം 'നിള' യുടെ സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. അടുത്തിടെ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ച 'ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന ഡോക്യുമെന്ററി സിരീസിന്റെ സംവിധായകനും ഇദ്ദേഹമാണ്. 2012 ല്‍ പുറത്തു വന്ന 'ലൈഫ് ഒഫ് പൈ' എന്ന സിനിമയുടെ ഇന്ത്യന്‍ ഭാഗങ്ങളില്‍ സഹസംവിധായകനായും സെല്‍വമണി സെല്‍വരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും കാന്തയിലേതെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. കാന്ത എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ്. കാന്തയുടെ കഥ കേട്ടത് മുതല്‍ ആ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ പറയുന്നു. സ്പിരിറ്റ് മീഡിയയോടൊപ്പം സഹകരിച്ച് ഈ ചിത്രം നിര്‍മിക്കാനും എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു വേഷം അവതരിപ്പിക്കാനും ഞാന്‍ കഴിയുന്നത് തീര്‍ച്ചയായും ഞാന്‍ മുന്നോട്ട് കാണുന്ന ഏറ്റവും ആവേശകരമായ യാത്രയാണ് എന്നും ദുല്‍ഖര്‍ വെറൈറ്റിയോട് പറഞ്ഞു.
സ്പിരിറ്റ് മീഡിയ എപ്പോഴും വ്യത്യസ്തവും യൂണിവേഴ്‌സലി അപ്പീലിങ്ങുമായുള്ള കഥകള്‍ പറയാനാണ് ആഗ്രഹിക്കുന്നത്. നിസംശയമായും 'കാന്ത' അത്തരത്തിലുള്ള ഒരു ചിത്രമാണെന്നും എന്റെ സുഹൃത്തായ ദുല്‍ഖറിന് ഇത് അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആരാധകരോടൊപ്പം ജന്മദിനം ആഘോഷിക്കാനുള്ള ഞങ്ങളുടെ ടീമിന്റെ സമ്മാനമാണെന്നും റാാണ ദഗ്ഗുബാട്ടി പറഞ്ഞു.