രണ്ടാം ദൃശ്യം ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുന്നു. ഹിന്ദിയിൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗം നിർമ്മിച്ച കുമാർ മാങ്ങാത് ആണ് ഹിന്ദി റീമേക്കിനുള്ള റൈറ്റ്സ് നേടിയിരിക്കുന്നത്. അജയ് ദേവ്ഗണും തബുവുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങൾ തീരുമാനിച്ചിട്ടില്ല.നിശികാത്ത് കാമത്താണ് ഹിന്ദിയിൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്തത്. മലയാളത്തിൽ നിന്നും ഹിന്ദിയിൽ എത്തുമ്പോൾ ചെറിയ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് നിർമ്മാതാവ് കുമാർ മാങ്ങാത് പിങ്കവില്ല ഓൺലൈൻ പോർട്ടലിനോട് പറഞ്ഞൂ. 2022 യോടെ സിനിമ റിലീസ് ചെയ്യുവാനാണ് തീരുമാനം.
അതെ സമയം ദൃശ്യം സെക്കന്‍ഡ് ആമസോണിലൂടെ പ്രേക്ഷകരിലെത്തിയ രണ്ടാം ദിനത്തില്‍ സിനിമയുടെ തെലുങ്ക് പതിപ്പ് ഔദ്യോഗികമായി ജീത്തു ജോസഫ് പ്രഖ്യാപിച്ചു. മോഹന്‍ലാലിന്റെ റോളില്‍ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം സെക്കന്‍ഡ് മാര്‍ച്ചില്‍ തുടങ്ങും. മലയാളത്തില്‍ ദൃശ്യം രണ്ട് പതിപ്പുകളും നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസാണ് തെലുങ്ക് ദൃശ്യം നിര്‍മ്മിക്കുന്നത്. നടിയും സംവിധായികയുമായ സുപ്രിയയാണ് ദൃശ്യം ആദ്യഭാഗം തെലുങ്കില്‍ സംവിധാനം ചെയ്തിരുന്നത്.
ജോര്‍ജുകുട്ടി തെലുങ്കിലെത്തിയപ്പോള്‍ രാമബാബു എന്നായിരുന്നു നായകന്റെ പേര്. രണ്ടാം ഭാഗത്തിലും തെലുങ്കില്‍ മീനയാണ് നായിക. ആശാ ശരത് അവതരിപ്പിച്ച് പൊലീസ് ഓഫീസറുടെ റോളില്‍ നദിയാ മൊയ്തുവുമാണ് തെലുങ്കില്‍. ലൊക്കേഷന്‍ കണ്ടെത്തുന്നതിനും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുമായി ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഹൈദരാബാദിലാണ്. 2014 ജൂലൈയില്‍ റിലീസ് ചെയ്ത തെലുങ്ക് ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രവുമായിരുന്നു. തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാവ് ഡി. സുരേഷ് ബാബുവാണ് തെലുങ്കില്‍ ആദ്യഭാഗം നിര്‍മ്മിച്ചത്.