ദൃശ്യം ത്രീയെക്കുറിച്ചുള്ള സൂചനകൾ ദൃശ്യം രണ്ടിൽ ഉണ്ടെന്ന് ജീത്തു ജോസഫ്

ദൃശ്യം ത്രീയെക്കുറിച്ചുള്ള സൂചനകൾ ദൃശ്യം രണ്ടിൽ ഉണ്ടെന്ന് ജീത്തു ജോസഫ്
Published on

മൂന്നാം ദൃശ്യത്തിന്റെ സാധ്യതകൾ രണ്ടാം ദൃശ്യത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ദൃശ്യം മൂന്നിനെക്കുറിച്ചുള്ള സൂചനകൾ രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്യുന്നതായി പറഞ്ഞത്. സിനിമയിൽ സായികുമാർ അവതരിപ്പിക്കുന്ന വിനയചന്ദ്രൻ എന്ന കഥാപാത്രമാണ് ജോർജ്കുട്ടിയുടെ കഥ പറയുന്നത്. അതെ സമയം ആ കഥ സത്യമാണോയെന്നു സിനിമയിൽ പറയുന്നില്ല. വിനയചന്ദ്രൻ പറയുന്നത് യഥാർത്ഥ കഥയാണോയെന്നു ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ടാണ് ജീത്തു ജോസഫ് മറുപടി നൽകിയത്. ഒരു മൂന്നാം ഭാഗത്തിനുള്ള ഗ്യാപ്പ് രണ്ടാം ദൃശ്യത്തിലുണ്ട് . ഇതിനെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയുവാൻ സാധിക്കില്ലെന്ന് പറഞ്ഞു ജീത്തു ചിരിച്ചുകൊണ്ടു തന്നെ ആ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

Unreliable narrator (വിശ്വസനീയമല്ലാത്ത ആഖ്യാതാവ്)

സിനിമയിൽ സായ് കുമാർ അവതരിപ്പിക്കുന്ന വിനയചന്ദ്രൻ എന്ന കഥാപാത്രം Unreliable narrator (വിശ്വസനീയമല്ലാത്ത ആഖ്യാതാവ്) ആണോ എന്നാണ് ജീത്തു ജോസഫിനോട് ഫിലിം കംപാനിയനിലെ ഭരദ്വാജ് രംഗൻ ചോദിക്കുന്നത്. ഫിക്ഷൻ സിനിമകളിൽ ഉപയോഗിച്ചുവരുന്ന ഒരു സങ്കേതമാണ് Unreliable narrator. അതായത് കഥ പറയുന്ന വ്യക്തി അയാളുടെ ബോധ്യത്തിലുള്ള കാര്യങ്ങളായിരിക്കും പറയുന്നത്. പക്ഷെ അയാൾ പറയുന്ന കാര്യമായിരിക്കില്ല വസ്തുത.

അതെ സമയം ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദൃശ്യം ത്രീയുടെ ക്ലൈമാക്സ് മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തിരുന്നു. അവർക്കും ഇഷ്ടമായിട്ടുണ്ട് പക്ഷെ ദൃശ്യം 3 ഉടൻ ഉണ്ടാകില്ല. കുറഞ്ഞത് മൂന്നു വർഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാകുവെന്നും ജീത്തു പറഞ്ഞു. ചില കാര്യങ്ങളെക്കുറിച്ച് തിരക്കഥയിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേക്കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in