റീമേക്ക് ചെയ്യേണ്ട ഒരു സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന് എനിക്ക് തോന്നിയിട്ടില്ല; ചിദംബരം

റീമേക്ക് ചെയ്യേണ്ട ഒരു സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന് എനിക്ക് തോന്നിയിട്ടില്ല;  ചിദംബരം
Published on

മഞ്ഞുമ്മൽ ബോയ്സ് റീമേക്ക് ചെയ്യപ്പെടേണ്ട ഒരു സിനിമയാണ് എന്ന് താൻ കരുതുന്നില്ല എന്ന് സംവിധായകൻ ചിദംബരം. ഇതൊരു യഥാർത്ഥ ​ഗുഹയുടെയും മനുഷ്യരുടെയും യഥാർത്ഥ കഥയാണ് എന്നും കേരളീയരുടെയും തമിഴ്‌നാട്ടുകാരുടെയും സാംസ്കാരിക ബന്ധം മുതലുള്ള പല ഘടകങ്ങളും മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് കാരണമായിട്ടുണ്ടെന്നും ചിദംബരം പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് റീമേക്ക് ചെയ്താൽ ആ കഥയെ എത്രത്തോളം മറ്റ് ഭാഷയിൽ വ്യഖ്യാനിക്കാൻ സാധിക്കും എന്നതിൽ തനിക്ക് സംശയമുണ്ടെന്നും പിടിഐയോട് സംസാരിക്കവേ ചിദംബരം പറഞ്ഞു.

ചിദംബരം പറഞ്ഞത്:

ഇതൊരു യഥാർത്ഥ ​ഗുഹയുടെയും മനുഷ്യരുടെയും യഥാർത്ഥ കഥയാണ്. കേരളീയരുടെയും തമിഴ്‌നാട്ടുകാരുടെയും സാംസ്കാരിക ബന്ധം തുടങ്ങി സിനിമയെ വിജയയിപ്പിക്കാൻ സഹായിച്ച ഒരുപാട് ഘടകങ്ങളുണ്ട്, എന്നാൽ നിങ്ങൾ അത് റീമേക്ക് ചെയ്യാൻ പോകുകയാണെങ്കിൽ അതിനെ എത്രത്തോളം വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് സാധിക്കും എന്ന് എനിക്ക് അറിയില്ല, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം മറ്റേതെങ്കിലും ഭാഷയിലേക്ക് റീമേക്ക് ചെയ്യേണ്ട ഒരു സിനിമയാണെന്ന് ഞാൻ കരുതുന്നില്ല. ലോകത്തിൻ്റെ എല്ലാ ഭാഗത്തും, ഇതുപോലെ യാത്ര പോവുകയും യാത്ര പോയിടത്ത് ചെന്ന് ഇതുപോലെയുള്ള അപകടങ്ങളിൽ ചാടുകയും ചെയ്യുന്ന ആൺ കുട്ടികൾ ഉണ്ട്. ഇതൊരു സാർവത്രിക കഥയാണ്. അതുകൊണ്ടാണ് ഇത് ധാരാളം ആളുകൾക്ക് കണക്ട് ചെയ്യാൻ സാധിച്ചത്. ഒരു ഫിലിംമേക്കർ എന്ന നിലയിൽ പലവിധമായ സിനിമകൾ ചെയ്യാൻ ഞാൻ‌ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ അടുത്ത ചിത്രം ഒരു പക്ഷേ വളരെ രസകരമായതോ അല്ലെങ്കിൽ വളരെ വയലന്റോ ആയ തരത്തിലെ ചിത്രമായിരിക്കാം. എല്ലാ ഴോണറുകളും എക്സ്പ്ലോർ ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നുണ്ട്.

ഇതേ സമയം ഇനി വരാനിരിക്കുന്ന തന്റെ ചിത്രം മനുഷ്യ വികരങ്ങളെക്കുറിച്ചുള്ള ചിത്രമാണ് എന്നും വയലൻസിന്റെ ഒരു അനാട്ടമിയാണ് താൻ അതിൽ എക്സ്പ്ലോർ ചെയ്യുന്നത് എന്നും ചിദംബരം കൂട്ടിച്ചേർത്തു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ സിനിമ ആഗോള തലത്തിൽ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രവുമായി.

മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന് ശേഷം കമൽ ഹാസൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. ചിത്രത്തിലെ സുഷിൻ ശ്യാമിന്റെ സംഗീതവും അജയൻ ചാലിശേരിയുടെ കലാസംവിധാനവും ഏറെ പ്രശംസ നേടി. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമായിരുന്നു മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in