അടുത്തിടെ റിലീസ് ചെയ്ത 'പുത്തം പുതുകാലൈ', 'സുരരൈ പോട്ര്', 'മൂക്കുത്തി അമ്മന്‍' തുടങ്ങിയ ചിത്രങ്ങളിലെ ഉർവ്വശിയുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മികച്ച നടിയെന്നും ഉർവ്വശിയുടെ തിരിച്ചുവരവെന്നുമൊക്കെ അടയാളപ്പെടുത്തിയപ്പോൾ കണ്ടുവന്ന മറ്റൊരു പ്രയോഗമാണ് 'ലേഡി മോഹൻലാൽ' എന്നത്. എന്നാൽ ഈ വിശേഷണം ഉർവ്വശിയെ അപമാനിക്കുന്നതിന് തുല്യമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. ഐ.ഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
'ലേഡി മോഹൻലാൽ എന്ന വിശേഷണത്തിന്റെ ആവശ്യം ഉർവ്വശിക്ക് ഇല്ല. ഇത് ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണ്, അവര്‍ക്ക് അവരുടേതായ ആഭിനയ ശൈലിയുണ്ട്. മോഹന്‍ലാലിനെ പോലെ തന്നെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ഇരുവരും ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോട് കൂടിയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. രണ്ടുപേർക്കും രണ്ട് വ്യക്തിത്വങ്ങളാണ് ഉള്ളത്'. സത്യന്‍ അന്തിക്കാട് പറയുന്നു.
മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ എന്നും സംവിധായകൻ ഓർമ്മിപ്പിക്കുന്നു. തനിക്ക് സൂപ്പര്‍ സ്റ്റാര്‍ എന്നതിനേക്കാളും നല്ല നടിയെന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്ന് മുമ്പ് ഉർവ്വശി പറഞ്ഞിരുന്നു.