ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

Published on

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബർ 22നാണ് റിലീസിനെത്തിയത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്വിറ്ററിൽ ദിവ്യപ്രഭ എന്ന ടാഗ് ട്രെന്റിംഗ് ആവുകയും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പൈറസി ലംഘിച്ച് തിയറ്റർ പ്രിന്റുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ ഇത്തരം ചർച്ചകൾ താൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് ദിവ്യ പ്രഭ പറയുന്നത്. കാൻ ഫിലിം ഫെസ്‌റ്റിവലിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പുരസ്‌കാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് താൻ പ്രതീക്ഷിച്ചതാണെന്ന് ദിവ്യപ്രഭ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

കാൻ ഞാൻ പ്രതീക്ഷിച്ചതല്ല, പക്ഷേ ഇത് ഞാൻ പ്രതീക്ഷിച്ചതാണ്

സിനിമയെക്കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങൾ എനിക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഒട്ടാകെ റിലീസ് ആണല്ലോ ചിത്രം. ഞാൻ ഷൂട്ടിന്റെ തിരക്കിലായിരുന്നത് കാരണം ഈ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. കാൻസിലേക്ക് എത്തും എന്നത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. കാരണം ഇവിടെ ഇങ്ങനെയാണല്ലോ? ഇവിടെയുള്ള ആളുകൾക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ച്ചപ്പാട് മനസ്സിലാക്കാൻ കുറച്ച് സമയമെടുക്കും. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യമാണ്. പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ അതിൽ നിരാശയില്ല. ഇതൊരു പുതിയ കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല, ഇത് എല്ലായ്പ്പോഴും ഇവിടെ സംഭവിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും മലയാളികളുടെ ഭാഗത്തു നിന്നും. എന്റെ കഴിഞ്ഞ സിനിമയിലെ രശ്മി എന്ന കഥാപാത്രം വീഡിയോ ലീക്കായതിന്റെ പേരിൽ പോരാടുന്നൊരു സ്ത്രീയായിരുന്നു. ഞാനും ആ കഥാപാത്രവും തമ്മിൽ ഒരുപാട് അന്തരം ഉള്ളതുകൊണ്ടു തന്നെ ഇത് എന്നെ ബാധിക്കുന്നില്ല എന്നതാണ്. ഇതെല്ലാം ഞാൻ മുന്നിൽ കണ്ടിരുന്നത് തന്നെയാണ്. പക്ഷേ ജനറലി പറയുമ്പോൾ ഉറപ്പായിട്ടും എനിക്ക് നിരാശയുണ്ട്. ഇത് സിനിമയാണ്, ഇവർ അഭിനേതാവാണ് എന്ന തരത്തിൽ പ്രേക്ഷകർ ഇനി എപ്പോഴാണ് നമ്മളെ കണ്ടു തുടങ്ങുന്നത് എന്ന കാര്യങ്ങൾ ചിന്തിക്കാറുമുണ്ട്. സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടായിരിക്കാം ഇത് സംഭവിക്കുന്നത്.

all we imagine as light
all we imagine as light

മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ ഇല്ലല്ലോ?

പൈറസിക്ക് എതിരെ ശക്തമായ ഒരു നിയമ സംവിധാനം ഇവിടെ പ്രവർത്തിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. നിങ്ങൾ പറ‍ഞ്ഞതുപോലെ ട്വിറ്ററിലും ഫേസ്ബുക്കിലും ഒക്കെയാണെല്ലോ ഇത് ഉള്ളത്. ഇവിടുത്തെ സൈബർ നിയമം എത്രത്തോളം ശക്തമാണ് എന്നുള്ളത് ഇതിനെ ബാധിക്കുന്നൊരു കാര്യമാണല്ലോ? ഞാനിപ്പോൾ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ പ്രിപ്പറേഷൻ തിരക്കിലായതു കൊണ്ടും ഇത്തരം കാര്യങ്ങളിലേക്ക് സമയം കൊടുക്കാത്തതുകൊണ്ടുമാകാം എന്നെ ഇത് ബാധിക്കുന്നില്ലെന്ന് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കുന്നത്. എന്റെ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ഞാൻ ഇത് എടുത്തു നോക്കുന്നത്. ഞാൻ അങ്ങനെ ഇവിടെ മാത്രമായി ചുരുങ്ങുന്നില്ല. ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേയിൽ അഭിനയിച്ച ഡക്കോട്ട ജോൺസണും, ഗ്രേറ്റ ഗെർവിക് അവരുടെ തുടക്കകാലത്ത് അഭിനയിച്ച സിനിമയും, എമ്മ സ്റ്റോൺ അഭിനയിച്ച പൂവർ തിങ്സും എല്ലാം കണ്ടു കഴിഞ്ഞാൽ നമുക്ക് ഇത് മനസ്സിലാവും. ഞാൻ ആ തരത്തിലാണ് ഇതിനെ കാണുന്നത്. നമ്മുടെ നാട് വളരെ പതുക്കെ മാത്രമേ അവിടേക്ക് എത്തുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. പുറത്താണെങ്കിലും മറ്റ് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, പക്ഷേ ഇത്തരത്തിലുള്ള ബേസിക് പ്രശ്നം അവിടെ സംഭവിക്കാറില്ലെന്ന് തോന്നുന്നു. ഇവിടെയാണ് ഞാൻ ജോലി ചെയ്യുന്നത് അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നാണ് ഞാൻ ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നത്. ഒരു അഭിനേതാവിന് അയാളുടെ ശരീരം ഒരു ഉപകരണമാണ്. തിരക്കഥയെക്കുറിച്ച് നമുക്കൊരു ബോധ്യമുണ്ടെങ്കിൽ അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും നമുക്കുണ്ട്. ലോകത്തെക്കുറിച്ചും ലോക സിനിമകളെക്കുറിച്ചും അതിലെ അഭിനേതാക്കളെക്കുറിച്ചും ഒന്നും ആലോചിക്കാതെ പെട്ടെന്ന് എന്തെങ്കിലും തരത്തിലുള്ള ഫ്രസ്ട്രേഷന്റെ പുറത്ത് ചെയ്യുന്നതാവാം ഇതെല്ലാം. ഞാൻ അത്തരത്തിലാണ് ഇതിനെ കാണുന്നത്. അങ്ങനെ കാണുമ്പോൾ എനിക്ക് മാനസികമായിട്ട് അതിൽ പ്രശ്നം തോന്നുന്നില്ല. ഇതിന് മുമ്പ് രാധിക ആപ്തെയുടെ ഒരു സിനിമ റിലീസ് ആകുന്നതിന് മുമ്പും ഇതുപോലെയുള്ള ഒരു രംഗം ലീക്കായിരുന്നു. ഇതിപ്പോൾ റിലീസ് ചെയ്ത സിനിമയാണ്, അതിന്റെ നിയന്ത്രണം നമ്മുടെ കയ്യിലല്ല എന്ന വസ്തുത കൂടി ഇപ്പോൾ അവിടെയുണ്ട്. പിന്നെ സോഷ്യൽ മീഡിയയിലൂടെ ഇതെല്ലാം ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം ആളുകൾക്ക് കിട്ടുന്നുണ്ടല്ലോ? ഏത് രീതിയിലാണ് അതിനെ സെൻസർ ചെയ്യാൻ സാധിക്കുക ഏത് രീതിയിൽ സൈബർ നിയമം ഇതിനെതിരെ ശക്തമാക്കാം എന്നൊന്നും എനിക്ക് അറിയില്ല. എന്നിരുന്നാലും ആൾക്കാരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ? അത് മാറില്ലല്ലോ?

സെൻസിബിളായിട്ടുള്ള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങളാണ് സന്തോഷം

ഇതെല്ലാം ഞാൻ ഇവിടെ നിന്നും പ്രതീക്ഷിച്ചതാണ്, കുറച്ച് തലമുറകൾ കഴിഞ്ഞിട്ടായിരിക്കും ചിലപ്പോൾ ഇതിന് നമ്മൾ ഉദ്ദേശിച്ച പോലെ ഒരു സ്വീകരണം ലഭിക്കുക. നമ്മൾ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് തോന്നുന്നു. സിനിമയും പ്രേക്ഷകരും എത്ര പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള വിഷയങ്ങളിൽ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലേക്ക് അവർക്ക് എത്താൻ സമയമെടുക്കും എന്നാണ് ഞാൻ കരുതുന്നത്. സിനിമയ്ക്ക് അപ്പുറത്തേക്ക് ഇത് മാത്രം ആളുകൾ ചർച്ച ചെയ്യുന്നത് വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണ്. അതിൽ ചർച്ച ചെയ്യാൻ മറ്റൊരുപാട് കാര്യങ്ങളുണ്ടായിരുന്നു. ആ കൂട്ടത്തിൽ ഒന്നു മാത്രമാണ് ഇതും. അപ്പോഴും ഇപ്പോൾ നടക്കുന്ന ചർച്ച പോലെയല്ല ഇത് ചർച്ച ചെയ്യപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിച്ചത്. ഇതിലെ ഉള്ളടക്കം പോലെ തന്നെ മറ്റു പല കാര്യങ്ങളും ഈ സിനിമയിൽ ചർച്ച ചെയ്യാനുണ്ട് അതൊന്നും കാണാതെ ആദ്യമേ തന്നെ ശ്രദ്ധ നേരെ ഇത്തരം കാര്യങ്ങളിലേക്ക് പോവുക എന്നു പറയുന്നത് വളരെ കഷ്ടമാണ്. എന്നാൽ ഇതിനെല്ലാം എന്തിനാണ് മറുപടി കൊടുക്കുന്നത് എന്ന മനോഭാവമാണ് എനിക്ക് ഇപ്പോൾ. എനിക്ക് ശരിക്കും ഇന്ത്യയിൽ നിന്നും അതിനും പുറത്ത് നിന്നുമെല്ലാം വ്യക്തിപരമായ സന്ദേശങ്ങളും ഫോൺ കോളുകളും വരുന്നുണ്ട്. സെൻസിബിളായിട്ടുള്ള പ്രേക്ഷകരിൽ നിന്നും അത് ലഭിക്കുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. എത്രനാൾ ഇത് സംഭവിക്കും അടുത്തൊരു സിനിമ വരുന്നിടം വരെ മാത്രമേ ഇത്തരം ചർച്ചകൾക്ക് ആയുസ്സൂള്ളൂ.

logo
The Cue
www.thecue.in