ഫാന്‍സുകാരെക്കൊണ്ട് WE HATE VINAYAN എന്ന ഓണ്‍ലൈന്‍ അക്കൗണ്ട് ഉണ്ടാക്കി തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ സമൂഹത്തിന് മുന്‍പില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നതെന്ന് സംവിധായകന്‍ വിനയന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് വിനയന്റെ പ്രതികരണം. മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ, മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ, നിങ്ങളുടെ മുഖം വികൃതമല്ലേ എന്ന് കുറിപ്പില്‍ ചോദിക്കുന്നു. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവമായി എടുക്കേണ്ടതാണ് സിനിമയിലെ തൊഴില്‍ മാഫിയ വല്‍ക്കരണം. വിമര്‍ശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്റെ പന്ത്രണ്ടോളം വര്‍ഷം വിലക്കി. മാക്ട ഫെഡറേഷനെ തകര്‍ത്ത് ഫെഫ്ക രൂപീകരിച്ചതിന് ശേഷമാണ് തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടായിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുല്‍ മലീമസമാക്കാന്‍ തുടങ്ങിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എങ്ങനെ സിനിമയില്‍ നുഴഞ്ഞു കയറി എന്നുള്ളത് ഇനിയെങ്കിലും പ്രമുഖര്‍ സത്യസന്ധമായി ചിന്തിക്കുമോ എന്നും വിനയന്‍ കുറിപ്പില്‍ ചോദിക്കുന്നു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ....നിങ്ങളുടെ മുഖം വികൃതമല്ലേ...? സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവര്‍ക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണ്. അതിലവര്‍ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴില്‍ വിലക്കിന്റെ മാഫിയാ വല്‍ക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഡനങ്ങളുടെ എല്ലാം ബ്‌ളാക്‌മെയില്‍ തന്ത്രം. വൈരനിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും. നിങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ എന്റെ പന്ത്രണ്ടോളം വര്‍ഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങള്‍.
ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറയാന്‍ ഏതു ജൂണിയര്‍ ആര്‍ട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാള സിനിമയില്‍ ഉണ്ടായതിന്റെ രണ്ടാം വര്‍ഷം നിങ്ങള്‍ അതിനെ തകര്‍ത്ത് നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്? അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുല്‍ മലീമസമാക്കാന്‍ തുടങ്ങിയത്? 2008 ജൂലൈയില്‍ എറണാകുളം സരോവരം ഹോട്ടലില്‍ നിങ്ങള്‍ സിനിമാ തമ്പുരാക്കന്‍മാര്‍ എല്ലാം ഒത്തു ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ ''മാക്ട ഫെഡറേഷന്‍''എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ഞാന്‍. സംഘടന തകര്‍ത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങള്‍ എന്നെയും വിലക്കി. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകന്‍ ചേട്ടന്‍ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങള്‍ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാന്‍ നിങ്ങടെ വിലക്കിനെതിരെ കോടതിയില്‍ പോയി. കോമ്പറ്റീഷന്‍ കമ്മീഷന്‍ നിങ്ങള്‍ക്കെതിരെ വിധിച്ചു. കോടികള്‍ മുടക്കി നിങ്ങള്‍ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോള്‍ എതിര്‍ഭാഗത്ത് ഞാന്‍ ഒറ്റപ്പെട്ടു പോയിരുന്നു. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈന്‍ അടിച്ചത്.
ഫെഫ്കയുള്‍പ്പടെ മററു സംഘടനകള്‍ക്കും പല പ്രമുഖര്‍ക്കും പിഴ അടക്കേണ്ടി വന്നു. ചില പ്രമുഖ നടന്‍മാര്‍ ശിക്ഷയില്‍ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷപെട്ടു എന്നത് സത്യമാണ്. വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാന്‍ നിന്നില്ല. എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷേ തൊഴില്‍ വിലക്കിനും സിനിമയിലെ മാഫിയാ വല്‍ക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകള്‍ ഒന്നും വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖര്‍ക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയില്‍ ഒതുക്കുവാന്‍ കഴിഞ്ഞിരുന്നു എന്നതാണ് സത്യം.
വിമര്‍ശിക്കുന്നതിന്റെ പേരില്‍ ഫാന്‍സുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്‍മാരാണ് ഇന്നു സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്. ഇതു കാലത്തിന്റെ കാവ്യ നീതിയാണ്. മാക്ട ഫെഡറേഷന്‍ അന്ന് ഉണ്ടാക്കിയപ്പോള്‍ പ്രധാനമായും ഉണ്ടാക്കിയ യൂണിയന്‍ ജൂണിയര്‍ ആര്‍ട്ടിസ്‌ററുകള്‍ക്കു വേണ്ടി ആയിരുന്നു. അവിടെ സ്ത്രീകളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങള്‍ എടുത്തിരുന്നു. ജുണിയര്‍ ആര്‍ട്ടിസ്റ്റുകളെ സിനിമയില്‍ എത്തിക്കുന്ന ഏജന്റുമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. ചെറിയ ആര്‍ട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷന്‍ വിമര്‍ശിക്കുമായിരുന്നു.
അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖര്‍ക്കും സൂപ്പര്‍ സംവിധായകര്‍ക്കും അവരുടെ ഉപജാപകവൃന്ദത്തില്‍ പെട്ട നിര്‍മ്മാതാക്കള്‍ക്കും കണ്ണിലെ കരടായി. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലില്‍ ഒത്തു ചേര്‍ന്ന് ആ സംഘടനയെ ആവേശത്തോടെ തകര്‍ത്തെറിഞ്ഞു. എന്നിട്ട് ഇപ്പോ നടക്കുന്നതു പോലെ അവര്‍ക്ക് ഇഷ്ടാനിഷ്ടം പെരുമാറാന്‍ കൂട്ടുനില്‍ക്കുന്ന ഒരു സംഘടനയേ അവരു തന്നെ കാശുകൊടുത്ത് സ്‌പോണ്‍സര്‍ ചെയ്ത് ഉണ്ടാക്കി. ഇതല്ലായിരുന്നോ സത്യം..? നമ്മുടെ സിനിമാ പ്രമുഖര്‍ക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാന്‍ പറ്റുമോ? ക്രിമിനല്‍ പച്ഛാത്തലമുള്ള ഡ്രൈവര്‍മാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയില്‍ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖര്‍ ഇനിയെങ്കിലും സത്യസന്ധമായി ഒന്നു ചിന്തിക്കുമോ?