തമിഴിലെ ചിലവേറിയ സിനിമയാണോ വേട്ടയ്യൻ ?; ബജറ്റ് വെളിപ്പെടുത്തി സംവിധായകൻ ടി ജെ ജ്ഞാനവേൽസംവിധായകൻ ടി ജെ ജ്ഞാനവേൽ

തമിഴിലെ ചിലവേറിയ സിനിമയാണോ വേട്ടയ്യൻ ?; ബജറ്റ് വെളിപ്പെടുത്തി സംവിധായകൻ ടി ജെ ജ്ഞാനവേൽസംവിധായകൻ ടി ജെ ജ്ഞാനവേൽ
Published on

രജിനികാന്ത് ചിത്രം വേട്ടയ്യന്റെ ബജറ്റ് തുറന്ന് പറഞ്ഞ് സംവിധായകൻ ടി.ജെ ജ്ഞാനവേൽ. 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ജ്ഞാനവേൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ തമിഴ് സിനിമയിലെ ഏറ്റവും ചിലവേറിയ പ്രൊജക്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് വേട്ടയ്യൻ. വേട്ടയ്യൻ എന്ന ചിത്രം രജനികാന്തിനു വേണ്ടി എഴുതിയതായിരുന്നില്ലെന്നും എന്നാൽ അദ്ദേഹം ഈ പ്രൊജക്ടിലേക്ക് വന്നതിന് പിന്നാലെ കഥയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ജ്ഞാനവേൽ തുറന്നു പറഞ്ഞു.

എൻകൗണ്ടർ സ്പെഷലിസ്റ്റ് അതിയൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജിനികാന്ത് എത്തിയത്. സൂപ്പർസ്റ്റാറിൻ്റെ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന വിധത്തിലാണ് സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുതിയതെന്നാണ് ജ്ഞാനവേൽ പറഞ്ഞത്. എൻകൗണ്ടറുകൾക്കെതിരെ സംസാരിക്കുന്ന ചിത്രമാണ് ജ്ഞാനവേലിന്റെ വേട്ടയ്യൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഒക്ടോബർ 9ന് രാവിലെ 11 മണി വരെയുള്ള കണക്ക് പ്രകാരം 14 കോടിയാണ് വേട്ടയ്യൻ പ്രി റിലീസ് ബുക്കിം​ഗിലൂടെ നേടിയത്. തമിഴ്നാട്ടിൽ നിന്ന് 9 കോടിയും കർണാടകയിൽ നിന്ന് 2.90 കോടിയും കേരളത്തിൽ നിന്ന് 1.25 കോടിയും അഡ്വാൻസ് ബുക്കിം​ഗിലൂടെ നേടി.

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജയാണ് സിനിമയുടെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും രജിനികാന്തും വലിയ ഇടവേളക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തിയ ചിത്രം കൂടിയാണ് വേട്ടയ്യന്‍. 1991 ൽ ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജിനികാന്തും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. കേരളത്തില്‍ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. രജിനികാന്തിന്റെ ഭാര്യ താര എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ സിനിമയിൽ അവതരിപ്പിക്കുന്നത്. റാണ ദഗുബട്ടി, കിഷോര്‍, ഋതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, എന്നിവരാണ് വേട്ടയ്യനിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. ലിയോക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് അടുത്തതായി രജിനികാന്തിന്റേതായ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in