ഐ എം വിജയന്റെ ആ സിസർ കട്ട് ഇതുവരെ കാണാത്തവർക്ക് ഇടിയൻ ചന്തുവിൽ കാണാമെന്ന് സംവിധായകൻ ശ്രീജിത്ത് വിജയൻ. സാധാരണ മറിയുന്ന ഷോട്ടുകളിൽ റോപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും ഈ ഷോട്ടിന്റെ ചിത്രീകരണത്തിൽ അതൊന്നുമുണ്ടായില്ലന്ന് ശ്രീജിത്ത് വിജയൻ പറഞ്ഞു. പ്രത്യേകിച്ച് ഒരു റിഹേഴ്‌സലും ഇല്ലാതെയാണ് ആ ഷോട്ട് പൂർത്തിയാക്കിയതെന്നും ശ്രീജിത്ത് വിജയൻ പറഞ്ഞു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷനും വൈകാരികതയ്ക്കും തുല്യ പ്രാധാന്യമുള്ള സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രമായ ഇടിയൻ ചന്തുവിനെ അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് വിജയൻ പറഞ്ഞത്:
തിയറ്ററിൽ ആ സീൻ കണ്ടപ്പോൾ ഉണ്ടായ അതേ ആരവവും കയ്യടിയും അത് ഷൂട്ട് ചെയ്യുമ്പോഴും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ പത്രത്തിൽ വായിച്ചെല്ലാം ആരാധന തോന്നിയ മനുഷ്യനാണ് ഐ എം വിജയൻ. അദ്ദേഹത്തിന്റെ സിസർ കട്ട് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതുവരെ കാണാത്തവർക്ക് ഇടിയൻ ചന്തുവിൽ ഐ എം വിജയന്റെ ആ സിസർ കട്ട് കാണാം. അതിന്റെ റോയൽറ്റി ഞങ്ങളെടുത്തു. സാധാരണ മറിയുന്ന ഷോട്ടുകളിൽ റോപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപയോഗിക്കും. ഈ ഷോട്ടിന്റെ ചിത്രീകരണത്തിൽ അതൊന്നുമുണ്ടായില്ല. വേണമെങ്കിൽ ആ ഷോട്ടിന്റെ യഥാർത്ഥ വീഡിയോ ഞാൻ പുറത്ത് വിടാം. ഒറ്റ പ്രാവശ്യം കൃത്യമായി ചെയ്ത് അത് പൂർത്തിയാക്കി. ഒരു റിഹേഴ്‌സൽ വേണ്ടി വരുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ വന്നിട്ട് പന്തിട്ടു തരാനാണ് അദ്ദേഹം പറഞ്ഞത്. ഒരൊറ്റ അടിയിൽ അത് പൂർത്തിയായി. അതൊരു പ്രേത്യേക അനുഭവമായിരുന്നു.
ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റർ ഹെയ്‌നാണ്. ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. ലാലു അലക്സ്, ജോണി ആൻറണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റർ: വി. സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ് ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.