ഒരു സംവിധായകൻ എന്ന തരത്തിൽ തനിക്ക് ദിശാബോധം നൽകിയ ചിത്രം തനിയാവർത്തനമാണ് എന്ന് സിബി മലയിൽ. തനിയാവർത്തനത്തിന് മുമ്പ് സിബി മലയിൽ നാല് സിനിമകൾ സംവിധാനം ചെയ്യുകയും അതിൽ ഒന്നിന് ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ എത്തരത്തിലുള്ള സിനിമകൾ ചെയ്യാൻ താൻ പ്രാപ്തനാണ് എന്ന് തന്നെ ബോധ്യപ്പെടുത്തിയത് തനിയാവർത്തനമാണ് എന്ന് സിബി മലയിൽ പറയുന്നു. ഏറ്റവും നല്ല തിരക്കഥ വരുമ്പോഴാണ് തന്നിൽ നിന്നും ഏറ്റവും നല്ല സിനിമകൾ ഉണ്ടാകുന്നത് എന്നും ലോഹിതദാസിന്റെ അഭാവം അത്തരത്തിൽ തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു.
സിബി മലയിൽ പറഞ്ഞത്:
ഞാൻ എന്നൊരു സംവിധായകൻ 'തനിയാവർത്തനം' എന്ന ചിത്രത്തിന് മുമ്പ് നാല് സിനിമകൾ ചെയ്തു. ആ നാല് സിനിമകളും ഞാൻ എന്ന ഒരു സംവിധായകന്റെ ഐഡന്റിന്റി സൃഷ്ടിക്കാൻ കാരണമായിട്ടില്ല. ഞാൻ എന്ന സംവിധായകൻ ഏത് തരത്തിലുള്ള സിനിമകൾ ചെയ്യാൻ പ്രാപ്തിയുള്ള ആളാണ് എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തിയത് തനിയാവർത്തനമാണ്. അതുവരെ ഞാൻ ചെയ്ത ചിത്രങ്ങളിൽ ഒരെണ്ണത്തിന് നാഷ്ണൽ അവാർഡ് കിട്ടി. അതിൽ രണ്ടെണ്ണം ശ്രീനിവാസൻ എഴുതിയതാണ്. പക്ഷേ അപ്പോഴൊന്നും കൃത്യമായി ഒരു ദിശാബോധം ഞാൻ എന്ന സംവിധായകന് ഉണ്ടായിരുന്നില്ല. തനിയാവർത്തനമാണ് ആ രീതിയിൽ എന്നെ അടയാളപ്പെടുത്തുന്ന സിനിമ. പിന്നീട് ഞങ്ങൾ തമ്മിൽ ഒരുമിച്ച ചിത്രങ്ങളെല്ലാം ആ രീതിയിൽ വന്നു, കൊമേഴ്ഷ്യൽ വിജയമാണെങ്കിലും അല്ലെങ്കിലും അതിനെ പ്രേക്ഷകർ ഒരു നിലവാരത്തിൽ കാണുന്നുണ്ടായിരുന്നു. തീർച്ചയായിട്ടും ലോഹിയുടെ അഭാവം വലിയ തരത്തിൽ എന്നെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഞാൻ തിരക്കഥ സ്വന്തമായി എഴുതുന്ന ഒരാളല്ലാത്തത് കൊണ്ട്. ഏറ്റവും നല്ല തിരക്കഥ വരുമ്പോഴാണ് എന്റെ ഏറ്റവും നല്ല ഔട്ട് പുട്ട് വരുന്നത്. അതാണ് എംടി സാറുമായി ചേർന്ന് സിനിമ ചെയ്തപ്പോഴും സംഭവിച്ചത്. സദയം ചെയ്തത് ലോഹി അല്ലല്ലോ? കൊമേഴ്ഷ്യലി വളരെ വിജയമായ സിനിമയാണ് ആകാശദൂത്, അത് ഡെന്നിസ് ജോസഫാണ് എഴുതിയത്. അങ്ങനെ നല്ല തിരക്കഥയുണ്ടെങ്കിൽ അതിൽ നിന്ന് ഏറ്റവും നല്ലൊരു സിനിമ രൂപപ്പെടുത്താൻ എനിക്ക് സാധിക്കാറുണ്ട്.