കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്, ആ പേര് തിഞ്ഞെടുക്കാന്‍ രണ്ട് കാരണങ്ങള്‍: സംവിധായകന്‍ പറയുന്നു

കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്, ആ പേര് തിഞ്ഞെടുക്കാന്‍ രണ്ട് കാരണങ്ങള്‍: സംവിധായകന്‍ പറയുന്നു

Published on

ശരത് ജി. മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'. പ്രഖ്യാപന സമയം മുതലെ ചിത്രത്തിന്റെ പേര് വളരെ ശ്രദ്ധേയമായിരുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു പേര് സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ശരത് ജി മോഹന്‍ ദ ക്യുവിനോട് പറഞ്ഞു.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' എന്ന പേര് ചിത്രത്തിനായി തിരഞ്ഞെടുത്തത്. സെവന്‍ത്ത് ഡേയില്‍ പൃഥ്വിരാജിന്റെ ഹിറ്റ് ഡയലോഗ് ആയതുകൊണ്ടുതന്നെ, അത് പ്രേക്ഷകരിലേക്ക് വേഗത്തില്‍ എത്താന്‍ സാധ്യത കൂടുതലാണ്. അതോടൊപ്പം സിനിമയ്ക്ക് ആ വ്യക്തികളുടെ ജീവിത സഞ്ചാരവുമായി ബന്ധമുണ്ടെന്നും ശരത്ത് വ്യക്തമാക്കി.

ശരത്ത് ജി മോഹന്‍ പറഞ്ഞത്:

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ആ പേര് തിരഞ്ഞെടുത്തത്. പുതിയതായി ഒരു സിനിമ ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ അതിന്റെ തലക്കെട്ടിന് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. അത് ആളുകള്‍ അറിയണം, അവരിലേക്ക് അത് എളുപ്പത്തില്‍ എത്തണം. പിന്നെ അതിന്റെ ഒരു മാര്‍ക്കറ്റിങ്ങ് വശം നോക്കിയപ്പോള്‍ സെവന്‍ത്ത് ഡേയില്‍ രാജു ഏട്ടന്‍ പറഞ്ഞ ഹിറ്റ് ഡയലോഗില്‍ ഉള്ളതാണ് 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' എന്നത്. സ്വാഭാവികമായും സിനിമയ്ക്ക് ആ പേര് ഇടുമ്പോള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് എനിക്ക് മനസിലായി. അതാണ് ആ പേര് എടുക്കാനുള്ള ഒരു കാരണം.

സിനിമാപരമായി നോക്കുമ്പോള്‍ ആ തലക്കെട്ടിന് ആ കഥാപാത്രങ്ങളുടെ ജീവിത സഞ്ചാരവുമായി ബന്ധമുണ്ട്. ആ മൂന്ന് പേര്‍ക്കും അവരുടെ വിധിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും അവര്‍ പോരാടാനുള്ള ഊര്‍ജ്ജം കാണിച്ചു. ഈ മൂന്ന് പേരുകള്‍ തരുന്ന ഊര്‍ജം എനിക്കും കിട്ടി. അതുകൊണ്ട് സ്വാഭാവികമായും ഞാന്‍ ആ തലക്കെട്ടിലേക്ക് എത്തി. പിന്നെ സിനിമയില്‍ ഒരു ക്ലബ്ബിന്റെ പേര് കൂടിയാണ് കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്നത്.

ഫെബ്രുവരി 4നാണ് 'കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ധീരജ് ഡെന്നിയാണ് കേന്ദ്ര കഥാപാത്രം. ഫാമിലി-ക്രൈം ത്രില്ലറായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന എന്നിവരും പ്രധാന റോളില്‍ എത്തുന്നു.

logo
The Cue
www.thecue.in