മാരുതിയുടെ കഥയുമായി ആസിഫലി, കുട്ടനാടന്‍ ബ്ലോഗിന് മുന്നേ ചെയ്യാനിരുന്നതെന്ന് സേതു

മാരുതിയുടെ കഥയുമായി ആസിഫലി, കുട്ടനാടന്‍ ബ്ലോഗിന് മുന്നേ ചെയ്യാനിരുന്നതെന്ന് സേതു
Published on

മഹേഷും മാരുതിയും, ആസിഫലി നായകനായ പുതിയ സിനിമയില്‍ കഥയിലൂടനീളം കഥാപാത്രമായി ഒരു കാറുമുണ്ട്. വിന്റേജ് മോഡല്‍ മാരുതി 800. മഹേഷും, ഒരു പെണ്‍കുട്ടിയും, മാരുതി 800 ഉം തമ്മിലുള്ള ത്രികോണ പ്രണയകഥയാണ് വരാനിരിക്കുന്നതെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ സേതു.

മമ്മൂട്ടി നായകനായ 'ഒരു കുട്ടനാടന്‍ ബ്ലോഗാണ്' സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2015 ല്‍ 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേയ്ക്ക് കടക്കേണ്ടിയിരുന്ന ആളാണ് താനെന്നും അതിനായി പല താരങ്ങളെയും സമീപിച്ചിരുന്നതായും സേതു പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രതികരണം. 'ഒരു കുട്ടനാടന്‍ ബ്ലോഗു'മായി മുന്നോട്ട് പോകാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. പക്ഷെ അപ്പോഴും 'മഹേഷും മാരുതിയും' ചെയ്യാനുളള ആഗ്രഹം അതുപോലെതന്നെ ഉള്ളിലുണ്ടായിരുന്നു.

സേതു പറയുന്നു,

'സച്ചി ഉള്‍പ്പെടെയുള്ള എന്റെ എല്ലാ സുഹൃത്തുക്കളും അന്നെന്നോട് ചോദിച്ചിരുന്നു എന്തുകൊണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്യാത്തതെന്ന്. ഇന്നീ സിനിമ സാധ്യമാകാന്‍ ഒരു പ്രധാന കാരണം മണിയന്‍പിള്ള രാജു ചേട്ടനാണ്, ഈ പ്രോജക്റ്റില്‍ എന്നെപ്പോലെതന്നെ ആവേശം അദ്ദേഹത്തിനുമുണ്ടായിരുന്നു.'

1983 ല്‍ മഹേഷിന്റെ പിതാവ് മാരുതി 800 ഗാമത്തിലേക്ക് കൊണ്ടുവരുന്നിടത്താണ് കഥ തുടങ്ങുന്നത്. അയാള്‍ക്ക് ആ വാഹനത്തോട് ഒരു വൈകാരിക അടുപ്പമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ഗ്രാമത്തില്‍ മാറ്റം വരാത്തതായി അവശേഷിക്കുന്നത് മഹേഷും മഹേഷിന്റെ കാറും മാത്രമാണ്. പിന്നീട് ഒരു പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതുമാണ് പ്രമേയം.

മാരുതിയുടെ കഥയുമായി ആസിഫലി, കുട്ടനാടന്‍ ബ്ലോഗിന് മുന്നേ ചെയ്യാനിരുന്നതെന്ന് സേതു
'ഇനി എന്നെ ആര് കാണണമെന്ന് ഞാന്‍ തീരുമാനിക്കും' ആ കാറുമായി ദുല്‍ഖറിന്റെ കുറുപ്പ് പോയ പോക്ക്

എന്തുകൊണ്ട് മാരുതി എന്ന ചോദ്യത്തിന് സേതുവിന്റെ മറുപടി ഇങ്ങനെ, 'പലരുടേയും നൊസ്റ്റാള്‍ജിയയാണ് ഈ വാഹനം. 1983 ല്‍ ആ കാറിന്റെ വരവിനു മുമ്പ് നമ്മുടെ വീടിനോടു ചേര്‍ന്നുളള പാര്‍ക്കിംഗ് ഷെഡുകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അതൊരു സ്റ്റാറ്റസ് ചിഹ്നമായി മാറി. നമ്മുടെ നാടിന്റെ തന്നെ സാമൂഹിക-രാഷ്ട്രീയ ഘടനയിലും ഈ വാഹനത്തിന് വലിയ പങ്കുണ്ട്.'

സേതു തിരക്കഥ എഴുതി സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ രചനയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും പുരോഗമിക്കുകയാണ്. ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത 'കുഞ്ഞെല്‍ദോ' ആണ് ആസിഫിന്റെ പൂര്‍ത്തിയായ മറ്റൊരു സിനിമ. രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' ചിത്രീകരണത്തിലായിരുന്നു കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് ആസിഫ്. കേരളത്തിലും രാജസ്ഥാനിലും ചിത്രീകരിക്കുന്ന ഈ ചിത്രമാണ് ആസിഫിന് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in