'രഞ്ജിത്തിന് ഇൻബിൽഡായ കുറച്ച് പ്രത്യേകതകളുണ്ട്, അതിനെ ഈ സിനിമയിൽ ഉപയോ​ഗിച്ചിട്ടുണ്ട്'; 'ഗോളം' ഇന്ന് മുതൽ തിയറ്ററുകളിൽ

'രഞ്ജിത്തിന് ഇൻബിൽഡായ കുറച്ച് പ്രത്യേകതകളുണ്ട്, അതിനെ ഈ സിനിമയിൽ ഉപയോ​ഗിച്ചിട്ടുണ്ട്';  'ഗോളം' ഇന്ന് മുതൽ തിയറ്ററുകളിൽ
Published on

ഗോളത്തിലെ കഥാപാത്രത്തിന് വേണ്ടി രഞ്ജിത് സജീവിനെ തിരഞ്ഞെടുക്കാൻ കാരണം അദ്ദേഹത്തിൽ തന്നെയുള്ള ചില പ്രത്യേകതളാണ് എന്ന് സംവിധായകൻ സംജാദ്. ​ഗോളത്തിലെ സന്ദീപ് കൃഷ്ണ എന്ന കഥാപാത്രത്തിന് വേണ്ടി രഞ്ജിത്തിനെ തിരഞ്ഞെടുക്കുമ്പോൾ തങ്ങൾ കണ്ട ആദ്യത്തെ കാര്യം അദ്ദേഹം രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ആളായതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മുഖം ആളുകൾക്ക് പരിചിതമായി വരുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഞങ്ങൾ പരിചയപ്പെടുത്തുന്ന കഥാപാത്രത്തിന് ഒരു പുതുമയുണ്ടാവും എന്നതാണ് എന്ന് സംജാദ് പറയുന്നു. മാത്രമല്ല രഞ്ജിത്തിൽ ഇൻബിൽഡായ കുറച്ച് പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകളെ കൂടി ഉപയോ​ഗിക്കാൻ വേണ്ടിയാണ് വേണ്ടിയാണ് അദ്ദേഹത്തെ തന്നെ ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംജാ​ദ് പറഞ്ഞു.

സംജാ​ദ് പറഞ്ഞത്:

സത്യത്തിൽ രഞ്ജിത്തിനെ ഇതിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ ഞങ്ങൾ കണ്ട ഒന്നാമത്തെ കാര്യം രഞ്ജിത്ത് മുമ്പ് ചെയ്തിട്ടുള്ളത് രണ്ട് പടമാണ്. രഞ്ജിത്തിന്റെ മുഖം ആളുകൾക്ക് പരിചിതമായി വരുന്നതേയുള്ളൂ. അപ്പോൾ നമ്മൾ പരിചയപ്പെടുത്തുന്ന കഥാപാത്രത്തിന് ഒരു പുതുമയുണ്ടാവും എന്നതാണ്. അത് തന്നെയാണ് ​ഗോളത്തിൽ ഒരുപാട് പുതിയ ആളുകളെ ഞങ്ങൾ സെലക്ട് ചെയ്യാൻ കാരണവും. പുതിയൊരാൾ പുതിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് ഊഹിക്കാൻ പാടായിരിക്കും. അതുകൊണ്ടാണ് ഞങ്ങൾ രഞ്ജിത്തിനെ തന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്തത്. നമ്മൾ സ്ഥിരം കണ്ട് മടുത്ത പാറ്റേണിൽ നിന്ന് കുറച്ച് വ്യത്യസ്തമായിട്ടുള്ളൊരു രീതിയിലാണ് സന്ദീപ് കൃഷ്ണ എന്ന കഥാപാത്രത്തിനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അത് അദ്ദേഹം വ‍ൃത്തിയായി ‍ഞങ്ങൾക്ക് ചെയ്തു തരികയും ചെയ്തു. പിന്നെ രഞ്ജിത്തിന്റെ ശരീര ഘടനയും ഈ കഥാപാത്രത്തിന് ഉപയോ​ഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന് വേണ്ടി ഒരുപാട് ഡയറ്റും കാര്യങ്ങളും രഞ്ജിത്ത് ചെയ്തിരുന്നു. അദ്ദേഹം ഇതിന് തൊട്ട് മുമ്പ് ചെയ്ത ചിത്രം ഖൽബ് ആയിരുന്നു. അതിൽ അദ്ദേഹം ഒരു മെലിഞ്ഞ ഓടിച്ചാടി നടക്കുന്ന ഒരു പയ്യനായിരുന്നു. എന്നാൽ മെച്ച്വർ ആയ ഒരു പൊലീസ് ഉദ്ധ്യോ​ഗസ്ഥനിലേക്ക് വരുമ്പോൾ വരുന്ന ശാരീരീകമായും മാനസികമായും ഉള്ള മാറ്റങ്ങൾ ആരെവച്ചും നമുക്ക് ചെയ്തെടുക്കാവുന്നതാണ്. എന്നാൽ രഞ്ജിത് അത് ചെയ്യുമ്പോൾ അദ്ദേഹത്തിന് ഇൻബിൽഡായ കുറച്ച് പ്രത്യേകതകളുണ്ട്. അത് പടം കാണുമ്പോൾ മനസ്സിലാവും. ആ പ്രത്യേകതകളെ യൂസ് ചെയ്യാൻ വേണ്ടിയാണ് രഞ്ജിത്തിനെ തന്നെ ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്.

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോളം. ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഐസക് ജോൺ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും തുടർന്ന് ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ എ സി പി സന്ദീപ് കൃഷ്ണയെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in