കേരള രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ സമാപന ചടങ്ങില്‍ അവാര്‍ഡ് ജേതാവിന്റെ പ്രതിഷേധം. മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം നേടിയ ബേണിന്റെ സംവിധായകൻ മാക് മെര് മന്ത്രി കെ.എന്‍ ബാലഗോപാലില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയില്ല. എംജി സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി ദീപ പി മോഹനന്റെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് യുവ സംവിധായകന് പുരസ്കാരം ഏറ്റുവാങ്ങാതിരുന്നത്.
അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ പുരസ്കാരം സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ വേദിയിലെത്തിയ സംവിധായകന് മന്ത്രിയോട് തന്റെ പ്രതിഷേധം നേരിട്ട് അറിയിക്കുകയായിരുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനും അക്കാദമി ചെയർമാൻ കമലും വേദിയിലുണ്ടായിരുന്നു. ഇതോടെ വേദിയിലെ കസേരയില്‍ മന്ത്രി പുരസ്കാരം വെക്കുകയും മാക് മെര് അവിടെനിന്ന് എടുക്കുകയും ചെയ്തു.
മികച്ച ക്യാമ്പസ് ചിത്രം എന്ന കാറ്റഗറിയിലായിരുന്നു ബേണ്‍ പുരസ്കാരത്തിന് അര്‍ഹമായത്. അധ്യാപകനിൽനിന്ന് നേരിടേണ്ടിവരുന്ന ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും എതിരെ പ്രതിഷേധിക്കുന്ന ഗവേഷക വിദ്യാർത്ഥികളുടെ കഥയാണ് ബേണ്‍ പറഞ്ഞത്. ബേണിന് ഒപ്പം രാജ് ഗോവിന്ദ് സംവിധാനം ചെയ്ത അണ്‍സീന്‍ വോയ്സും ഇതേ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമായിരുന്നു.