'റൈറ്റര്‍' ഒരു സാധാരണ പൊലീസ് കഥയല്ല: ജയസൂര്യയുടെ വ്യത്യസ്ത കഥാപാത്രമെന്ന് സംവിധായകന്‍ രവിശങ്കര്‍

'റൈറ്റര്‍' ഒരു സാധാരണ പൊലീസ് കഥയല്ല: ജയസൂര്യയുടെ വ്യത്യസ്ത കഥാപാത്രമെന്ന് സംവിധായകന്‍ രവിശങ്കര്‍
Published on

റാണിപദ്മിനി, ഭീഷ്മപര്‍വ്വം എന്നീ സിനിമകളുടെ സഹ തിരക്കഥാകൃത്ത് രവിശങ്കര്‍ സംവിധായകനാകുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്റെ പേര് 'റൈറ്റര്‍' എന്നാണ്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷാഹി കബീറിന്റേതാണ് കഥ. കേരളത്തില്‍ ഒരു പൊലീസ് സ്റ്റേഷനിലെ കേസ് ഫയലുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ രവിശങ്കര്‍ ദ ക്യുവിനോട് പറഞ്ഞു.

റൈറ്ററിന്റെ ജോണര്‍ മിസ്റ്ററി-ഡ്രാമയാണ്. സാധാരണ ഒരു പൊലീസ് കഥയോ കുറ്റാന്വേഷണമോ അല്ല ചിത്രം. ജയസൂര്യ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് റൈറ്ററിലേതെന്നും രവിശങ്കര്‍ പറയുന്നു.

രവി ശങ്കര്‍ പറഞ്ഞത്:

കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലെ ഒരു കേസ് ഫയലുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ആ ഫയലുമായി ചുറ്റിപ്പറ്റി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രം. ജയേട്ടനോട് കഥ കേട്ടപ്പോള്‍ തന്നെ സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറയുകയായിരുന്നു. അതിനിടയില്‍ ഞാന്‍ ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ഷാഹി കബീറും സിനിമയുടെ തിരക്കുകളിലായിരുന്നു. ആ തിരക്കുകള്‍ കഴിഞ്ഞപ്പോഴേക്കും യുവലിന്‍ പ്രൊഡക്ഷനുമായി കൊളാബ്രേറ്റ് ചെയ്യാന്‍ ജയേട്ടന്‍ അവസരം ഉണ്ടാക്കി. അങ്ങനെയാണ് റൈറ്റര്‍ എന്ന പ്രൊജക്റ്റ് ഓണ്‍ ആകുന്നത്. റൈറ്റര്‍ മിസ്റ്ററി - ഡ്രാമ എന്ന ജോണറില്‍ പെട്ട സിനിമയാണ്. സാധാരണ ഒരു പൊലീസ് കഥയോ കുറ്റാന്വേഷണമോ അല്ല ചിത്രം.

ഷാഹി കബീര്‍ ജോസഫ് ചെയ്യുന്ന സമയത്താണ് റൈറ്ററിനെ കുറിച്ച് എന്നോട് പറയുന്നത്. അന്ന് തന്നെ ഷാഹി പറഞ്ഞ് വണ്‍ലൈന്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ജോസഫിന് ശേഷം പിന്നീട് നമ്മള്‍ ഇതിന്റെ ജോലികളില്‍ തന്നെയായിരുന്നു. ജയേട്ടന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് റൈറ്ററിലേത്.

ജോസഫിലും നായാട്ടിലുമെല്ലാം കഥാപാത്രത്തിലൂടെയാണ് കഥ പോകുന്നത്. അത്തരത്തില്‍ കേന്ദ്ര കഥാപാത്രത്തിന് നല്‍കുന്ന ഡീറ്റേയിലിങ്ങ് റൈറ്ററിലും ഉണ്ട്. അതും ജയേട്ടന് കഥ ഇഷ്ടപ്പെടാനുള്ള കാരണമാണ്. തീര്‍ച്ചയായും എഴുത്തിന്റെ ശക്തി കൊണ്ട് തന്നെയാണ് ജയേട്ടന്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.

കോഴിക്കോടാണ് റൈറ്ററിന്റെ പ്രധാന ലൊക്കേഷന്‍. 2022 ആഗസ്റ്റ് അല്ലെങ്കില്‍ സപ്റ്റംബറില്‍ ഷൂട്ടിങ്ങ് ആരംഭിക്കും. കത്തനാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് ജയസൂര്യ റൈറ്ററില്‍ ജോയിന്‍ ചെയ്യുക.

യൂലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍, ആഷിക് എന്നിവര്‍ ചേര്‍ന്നാണ് റൈറ്റര്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയാണ്. സംഗീതം യാക്‌സന്‍, നേഹ, എഡിറ്റിംഗ് കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. ഗാന രചന അന്‍വര്‍ അലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍ ഷെലി ശ്രീസ്, സൗണ്ട് ഡിസൈന്‍ രംങ്കനാഥ് രവി, പരസ്യകല യെല്ലോ ടൂത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in