ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഒറിജിനല്‍ റോബോട്ട്; ചെലവ് സൗബിന്റേയും  സുരാജിന്റേയും പ്രതിഫലത്തോളം

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഒറിജിനല്‍ റോബോട്ട്; ചെലവ് സൗബിന്റേയും സുരാജിന്റേയും പ്രതിഫലത്തോളം

Published on

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'ല്‍ ശ്രദ്ധേയ കഥാപാത്രമായെത്തുന്നത് റോബോട്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു കെയാണ് ചിത്രം ഒരുക്കുന്നത്. രതീഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ചിത്രത്തിനായി സ്വന്തമായി രൂപകല്‍പ്പന ചെയ്‌തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രതീഷ് ദ ക്യൂവിനോട് പറഞ്ഞു. റോബോട്ട് പ്രധാന കഥാപാത്രം ആകുന്നു എന്നത് കൊണ്ട് അതിന്റെ കൃത്യമായി രൂപകല്‍പ്പനയ്ക്ക് വേണ്ടി ആവശ്യത്തിന് സമയം മാറ്റിവെയ്ക്കുകയും ചെയ്തു. പലതവണ മാറ്റി നിര്‍മ്മിച്ച ശേഷം റോബോട്ടിനെ നിശ്ചയിച്ചതെന്നും രതീഷ് പറയുന്നു.

രണ്ട് വര്‍ഷം മുന്‍പ് തന്നെ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന സമയം മുതല്‍ റോബോട്ട് നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. ആദ്യ ഡിസൈനുകള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ മാറ്റി വീണ്ടും നിര്‍മിച്ചു. ഒടുവില്‍ ബോംബെയില്‍ നിന്ന് ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന റോബോട്ട് നിര്‍മിച്ചത്.

രതീഷ്

സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനറായി വര്‍ക്ക് ചെയ്തതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഇത്തരത്തില്‍ ഒരു പരീക്ഷണചിത്രം ഒരുക്കാന്‍ ധൈര്യം നല്‍കിയതെന്നും രതീഷ് പറഞ്ഞു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഒറിജിനല്‍ റോബോട്ട്; ചെലവ് സൗബിന്റേയും  സുരാജിന്റേയും പ്രതിഫലത്തോളം
‘കുതിക്കും കേരമേറും നാട്’; ശ്രദ്ധയാകര്‍ഷിച്ച് മ്യൂസിക് വീഡിയോ

സദാനന്ദന്റെ സമയം എന്ന ചിത്രത്തില്‍ കലാ സംവിധായകനായ ബാവയുടെ സഹായിയായാണ് രതീഷിന്റെ സിനിമാ അരങ്ങേറ്റം. ബാവ, ഗോകുല്‍ ദാസ് എന്നിവര്‍ക്കൊപ്പം നിരവധി മലയാള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബോളിവുഡിലെത്തി. ജോണ് എബ്രഹാം നായകനായ ഫോഴ്സ് എന്ന ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര പ്രൊഡക്ഷന്‍ ഡിസൈനറായി. സംവിധാനം ചെയ്യാന്‍ കൂടുതല്‍ സൗകര്യം സ്വന്തം ഭാഷ തന്നെ ആയത് കൊണ്ടാണ് ആദ്യ ചിത്രം മലയാളത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചതെന്ന് രതീഷ് കൂട്ടിച്ചേര്‍ത്തു.

മെക്കാനിക്കല്‍ എന്‍ജിനീയറായാണ് സൗബിന്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ വേഷമിടുന്നത്. പ്രധാനപ്പെട്ട കുറച്ചു ഭാഗങ്ങള്‍ റഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരന്‍. സംഗീതം ബിജിബാല്‍. ചിത്രം നവംബര്‍ ആദ്യം റിലീസിനെത്തും.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഒറിജിനല്‍ റോബോട്ട്; ചെലവ് സൗബിന്റേയും  സുരാജിന്റേയും പ്രതിഫലത്തോളം
സ്റ്റേജില്‍ നിന്ന് ക്യാമറക്ക് മുന്നിലെത്തി ഹിറ്റൊരുക്കിയവര്‍, രമേഷ് പിഷാരടി വരെ
logo
The Cue
www.thecue.in