'ദിലീപിനെ ജയിലില്‍ കണ്ടത് യാദൃശ്ചികമായി'; എവിടെയും ന്യായീകരിച്ചിട്ടില്ലെന്ന് രഞ്ജിത്ത്

'ദിലീപിനെ ജയിലില്‍ കണ്ടത് യാദൃശ്ചികമായി'; എവിടെയും ന്യായീകരിച്ചിട്ടില്ലെന്ന് രഞ്ജിത്ത്
Published on

ലൈംഗിക അതിക്രമ കേസില്‍ ജയിലിലായ ദിലീപിനെ ജയലില്‍ പോയി സന്ദര്‍ശിച്ചത് യാദൃശ്ചികമായാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. നടന്‍ സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് ജയിലില്‍ പോയത്. ദിലീപിനെ കാണാന്‍ പ്ലാന്‍ ചെയ്ത് പോയതല്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ദിലീപിനെ എവിടെയും താന്‍ ന്യായീകരിച്ചിട്ടില്ല. അന്ന് ജയിലില്‍ പത്ത് മിനിറ്റ് നേരമാണ് ചിലവഴിച്ചത്. കൂടുതല്‍ സംസാരിച്ചത് സൂപ്രണ്ടിനോടായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നടി ഭാവനയെ ക്ഷണിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് ദിലീപിനെ ജയിലില്‍ കാണാന്‍ പോയത് വീണ്ടും ചര്‍ച്ചയാവുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ ആളുകളുടെ വിലകുറഞ്ഞ വഷളത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്ത് പറഞ്ഞത്:

ഞാന്‍ ഒരു ചാനലിലും വന്നിട്ട് ദിലീപിന് വേണ്ടി വക്കാലത്ത് പറഞ്ഞിട്ടില്ല. അന്നത്തേത് തികച്ചും പ്ലാന്‍ഡ് അല്ലാത്ത ഒരു കാര്യമായിരുന്നു. ഞാന്‍ കോഴിക്കോട്ന്ന് വരുകയാണ്. എന്നോടൊപ്പം നടന്‍ സുരേഷ് കൃഷ്ണയും ഉണ്ടായിരുന്നു. അയാള്‍ തൃശൂര്‍ തൊട്ട് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ആരെയാണ് വിളിക്കുന്നതെന്ന് ചോദിച്ചു.

അപ്പോള്‍ സുരേഷ് പറഞ്ഞു, പോകുന്ന വഴി പത്ത് മിനിറ്റ് ഒന്ന് സബ് ജയിലില്‍ കയറി ദിലീപിനെ ഒന്ന് കാണണമെന്ന്. എന്നോട് വരുമോ എന്നും ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞത്, ഞാന്‍ വരേണ്ട കാര്യമില്ലെന്നാണ്. നീ പോയാല്‍ മതി, ഞാന്‍ പുറത്തിരിക്കാമെന്നും പറഞ്ഞു.

പക്ഷെ ഈ പുറത്തിരിക്കുന്നതിന്റെ അപകടം ആ ജയിലിന് മുന്നില്‍ എത്തിയപ്പോഴാണ് മനസിലായത്. അവടെ ക്യാമറയുമായി ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരുടെ എന്തുകൊണ്ട് വന്നു, കാണുന്നില്ലേ എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിന് ഞാന്‍ അകത്തേക്ക് പോകുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ ഞാനും സുരേഷിനൊപ്പം പോയി. പക്ഷെ ഞാന്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുകയായിരുന്നു. അങ്ങനെ ദിലീപ് വന്നപ്പോള്‍ അയാളോടും രണ്ട് വാക്ക് സംസാരിച്ചു. പിന്നെ ദിലീപും സുരേഷ് കൃഷ്ണയും മാറി നിന്ന് സംസാരിച്ചു. അവര്‍ അടുത്ത ബന്ധമുള്ളവരാണ്. സൂപ്രണ്ടും ഞാനും സംസാരിച്ചത് എന്റെ സിനിമ ജയിലില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു. അത് കഴിഞ്ഞ് ശരി ദിലീപ് എന്ന് പറഞ്ഞ് പോരുകയും ചെയ്തു.

അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. അന്ന് അവടെ പോയതുകൊണ്ട്, ഇന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കില്ല എന്നൊന്നുമില്ല. അങ്ങനെയല്ലല്ലോ ചിന്തിക്കേണ്ടത്. ഈ തീരുമാനത്തെ ഒരു പോസിറ്റീവ് ചുവടായി കാണുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ല. അല്ലാത്തവര്‍ പലതും പറയും. ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് ഭാവനയെ ക്ഷണിക്കാന്‍ പാടില്ലായിരുന്നു എന്നാണോ? രഞ്ജിത്ത് ആരും ആകട്ടെ എന്തും ആകട്ടെ. അയാള്‍ ഇങ്ങനെയൊരു തീരുമാനം എടുത്ത് ഈ പെണ്‍കുട്ടിയെ പൊതുവേദിയില്‍ അതും ഒരു അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിന്റെ വേദിയില്‍ കൊണ്ടുവരാന്‍ അയാള്‍ ശ്രമിച്ചതിന്, എനിക്ക് പ്രത്യേകിച്ച് ആരുടെയും നന്ദി ആവശ്യമില്ല.

ഞാന്‍ ആലുവ ജയിലില്‍ മാത്രമല്ല, പല ജയിലിലും ഷൂട്ടിങ്ങിന് പോയിട്ടുണ്ട്. അവിടുത്തെ കൊടും കുറ്റവാളികളെ കണ്ടിട്ടുണ്ട്. അത് ആ കുറ്റവാളികള്‍ ചെയ്ത കുറ്റത്തിന്റെ ഇരകളായ കുടുംബങ്ങളോടുള്ള വിരോധം കൊണ്ടൊന്നുമല്ല. ഇതിനകത്ത് പലര്‍ക്കും മറ്റ് ഗൂഢലക്ഷ്യങ്ങളും അജണ്ടയും ഉണ്ടാകും. അത് എന്റെ അടുത്ത് ചിലവാകില്ല. എന്നെ സര്‍ക്കാരാണ് ഈ പോസ്റ്റിലേക്ക് ക്ഷണിച്ചത്. എന്റെ പുറകില്‍ സര്‍ക്കാരുണ്ട്. എന്നില്‍ വിശ്വാസമുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രിയുണ്ട്. മുഖ്യമന്ത്രിയുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ ഒരു ചുവടും ഞാന്‍ വെക്കില്ല. വേണ്ടത് കൃത്യമായി അവതരിപ്പിച്ച് ചെയ്യുക തന്നെ ചെയ്യും. അതായിരിക്കും ഈ ടേം പൂര്‍ത്തിയാക്കുന്ന കാലം വരെ എന്റെ നിലപാട്. എനിക്ക് ഈ സാമൂഹ്യ മാധ്യമങ്ങളിലെ ആളുകളുടെ വിലകുറഞ്ഞ വഷളത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യവുമില്ല പ്രതീക്ഷിക്കുകയും വേണ്ട.

Related Stories

No stories found.
logo
The Cue
www.thecue.in