1993 ല്‍ രാജസേന്റെ സംവിധാനത്തില്‍ ജയറാം, ശോഭന, നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മേലേപ്പറമ്പില്‍ ആണ്‍വീട്. ചിത്രം നാല് പേജില്‍ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഒരു മൂല കഥയായിരുന്നുവെന്ന് സംവിധായകന്‍ രാജസേനന്‍. ആ ചെറിയ കഥയെ താന്‍ പതിനഞ്ച് പേജായി വികസിപ്പിക്കുകയും ആ കഥ പിന്നീട് തിരക്കഥാകൃത്ത് രഘുനാഥ് പലേരിയെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഇത് താന്‍ എഴുതാം എന്ന് രഘുനാഥ് പലേരി ഇങ്ങോട്ട് പറയുകയായിരുന്നെന്നും രാജസേനന്‍ പറയുന്നു. ചിത്രത്തിലെ അച്ഛന്‍ കഥാപാത്രത്തിന് അനുയോജ്യമായ മറ്റ് അഭിനേതാക്കള്‍ അന്ന് സിനിമയില്‍ ഉണ്ടായിരുന്നിട്ടും നരേന്ദ്ര പ്രസാദിനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടു വരിക എന്നത് തന്റെ തന്നെ നിര്‍ബന്ധമായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ പറഞ്ഞു.
രാജസേനന്‍ പറഞ്ഞത്.
മേലെ പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രം ശരിക്കും പറഞ്ഞാല്‍ ഒരു നാല് പേജില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഒരു മൂല കഥയാണ്. ആ കഥയെയാണ് ഞാന്‍ പിന്നീട് പതിനഞ്ച് പേജായിട്ട് ഡെവലപ്പ് ചെയ്യുന്നത്. അതിന് ശേഷമാണ് മാണി സി കാപ്പനോട് ഇതിനെക്കുറിച്ച് പറയുന്നത്. കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. നേരെ ഞാന്‍ രഘുനാഥ് പാലേരിയെ കഥ വായിച്ചു കേള്‍പ്പിച്ചു. പുള്ളിക്കും അത് ഇഷ്ടപ്പെട്ടു. സാധാരണ കഥയൊന്നും കേട്ടാല്‍ പുള്ളി എഴുതാം എന്ന് പറയില്ല, മിക്കവാറും പുള്ളിയുടെ സ്വന്തം കഥകളാണ് എഴുതുന്നത്. പക്ഷേ ഇത് കേട്ടപ്പോള്‍ പുള്ളി പറഞ്ഞു ഇത് ഞാന്‍ എഴുതാം എന്ന്. അങ്ങനെയാണ് മേലെ പറമ്പില്‍ ആണ്‍ വീട് ഡെവലപ്പ് ആകുന്നത്.
എന്നാല്‍ ചിത്രത്തിലെ അച്ഛന്‍ എന്ന കഥപാത്രത്തെ അവതരിപ്പിക്കാന്‍ സ്വഭാവികമായും അന്ന് കാസ്റ്റ് ചെയ്യാമനായിരുന്ന മറ്റ് നടന്മാരുണ്ടായിരുന്നു. എന്നാല്‍ ഒരു മധ്യ തിരുവിതാംകൂര്‍ മാടമ്പിത്തരമുള്ള മുഖം വേണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ആ കഥാ പാത്രം താനെങ്ങനെ അവതരിപ്പിക്കും എന്നതില്‍ നരേന്ദ്ര പ്രസാദിന് സംശയമുണ്ടായിരുന്നു. ഷൂട്ടിന്റെ ദിവസം സ്‌ക്രിപ്പ്റ്റ് വായിച്ചിട്ട് അദ്ദേഹം എന്നോട് ചോദിച്ചു ഞാന്‍ ഇതിന് ആപ്റ്റ് ആകുമോയെന്ന്. ഈ കഥാപാത്രത്തിന് ആപ്റ്റ് ആകുന്ന മറ്റ് പലരും മലയാളത്തിലുണ്ട്. പക്ഷേ അവര്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ നേരത്തെ ചെയ്തിട്ടുണ്ട്. പക്ഷേ സാര്‍ ഇങ്ങനെത്തെ ചെയ്തിട്ടില്ല. അതാണ് എനിക്ക് വേണ്ടതെന്ന് അന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നിട്ടും അദ്ദേഹം ആദ്യത്തെ ദിവസവും രണ്ടാമത്തെ ദിവസവും പലപ്പോഴും കോമഡി ആയിട്ട് അഭിനയിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഞാന്‍ സീരിയസ്സായിട്ട് അഭിനയിച്ചാല്‍ എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് അത് കോമഡി ആയിട്ട് കിട്ടുക എന്ന് ചോദിച്ചു. അന്ന് ഞാന്‍ പറഞ്ഞു സാര്‍, അങ്ങനെയൊരു സ്റ്റൈല്‍ ഓഫ് കോമഡി ഉണ്ട് എന്ന്. ഈ കഥയിയില്‍ പ്രസാദ് സാര്‍ ഹ്യുമര്‍ ചെയ്യണ്ട എന്ന് എനിക്ക് അറിയാം. പുള്ളി സീരിയസ്സായി ചെയ്യ്താല്‍ മതി. പക്ഷേ അതിന്റെ തിയറ്റര്‍ ഇംപാക്ട് ഹ്യുമര്‍ തന്നെയായിരിക്കും എന്ന് എനിക്ക് വ്യക്തമായി ധാരണയുണ്ടായിരുന്നു എന്ന് രാജസേനന്‍ പറയുന്നു.