വിനായകൻ - സുരാജ് കോമ്പോയുടെ രസം തെക്ക് വടക്കിന് ഉണ്ടാകും, ശങ്കുണ്ണിയുടെയും മാധവന്റെയും പ്രത്യേക ശത്രുതയാണ് സിനിമയെന്ന് പ്രേം ശങ്കർ

വിനായകൻ - സുരാജ് കോമ്പോയുടെ രസം തെക്ക് വടക്കിന് ഉണ്ടാകും, ശങ്കുണ്ണിയുടെയും മാധവന്റെയും പ്രത്യേക ശത്രുതയാണ് സിനിമയെന്ന് പ്രേം ശങ്കർ
Published on

സൂരാജും വിനായകനും ഒന്നിച്ചെത്തുമ്പോഴുണ്ടാകുന്ന ഒരു രസം പ്രേക്ഷകനിലേക്ക് എത്തിക്കാൻ തെക്ക് വടക്ക് എന്ന ചിത്രത്തിലൂടെ സാധിക്കും എന്ന് സംവിധായകൻ പ്രേം ശങ്കർ. ശങ്കുണ്ണിയുടെയും മാധവന്റെയും ഒരു പ്രത്യേക തരത്തിലുള്ള ശത്രുതയാണ് സിനിമ എന്നും ഇതുവരെ ഓൺ സ്ക്രീനിൽ ഒരുമിച്ചെത്താത്ത രണ്ട് മികച്ച നടന്മാരെ ഒന്നിച്ച് സ്ക്രീനിലെത്തിക്കുന്നതിന്റെ രസം ഈ ചിത്രത്തിനുണ്ടാവുമെന്നും പ്രേം ശങ്കർ പറയുന്നു. വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തെക്ക് വടക്ക്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ വ്യത്യസ്തമായ വിവരണം തനിക്ക് വളരെ രസകരമായി തോന്നിയിരുന്നു എന്ന് മുമ്പ് വിനായകനും പറഞ്ഞിരുന്നു. ചിത്രത്തിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവൻ എന്ന കഥാപത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. അരിമിൽ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ ക്യാരക്ടർ ലുക്കാണ് ഇരുവർക്കും നൽകിയിരിക്കുന്നത്. കഥാപാത്രത്തിന്റെ രൂപ മാറ്റത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചും രണ്ട് പേർക്കും വലിയ തൽപര്യമുണ്ടായിരുന്നുവെന്നും തെക്ക് വടക്കിന്റെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് സംവിധായകൻ പ്രേം ശങ്കർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

പ്രേം ശങ്കർ പറഞ്ഞത്:

പ്രധാനമായും ശങ്കുണ്ണിയെക്കുറിച്ചും മാധവനെക്കുറിച്ചുമുള്ള സിനിമയാണ് ഇത്. അവരുടെ പ്രത്യേക തരത്തിലുള്ള ശത്രുതയാണ് ഈ സിനിമ. ടീസറിലൂടെയും ട്രെയ്ലറിലൂടെയും ഒരു സിനിമയെ മൊത്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. സിനിമ എന്നത് കണ്ട് തന്നെ മനസ്സിലാക്കേണ്ട ഒന്നാണ്. സൂരാജും വിനായകനും മികച്ച നടന്മാരാണ്. അവർ ഒരുമിച്ച് ഇതുവരെ ഒരു കോമ്പിനേഷനിൽ സിനിമ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ ഒരു രസം സിനിമയ്ക്ക് ഉണ്ടാകും. ആ വിശ്വാസത്തിൽ തന്നെയാണ് ഇത്തരത്തിലുള്ള ഒരു കാസ്റ്റിം​ഗിലേക്ക് ഞങ്ങൾ എത്തിയത്. സിനിമയിൽ ഒരു ഡ്രെൈ ലുക്ക് കിട്ടാനായി ചുടുകാലത്ത് തന്നെയാണ് പാലക്കാട് വച്ച് സിനിമ ഷൂട്ട് ചെയ്തത്. ആ പ്രത്യേക കളർ പാറ്റേൺ കിട്ടാൻ വേണ്ടി തന്നെ ചെയ്തതാണ് അത്. പക്ഷേ കടുത്ത ചൂടായിരുന്ന അവിടെ. അതിന്റേതായ ബുദ്ധിമുട്ട് ഷൂട്ടിം​ഗിൽ അനുഭവിച്ചിരുന്നു. കഥാപാത്രത്തിന്റെ രൂപ മാറ്റത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചും അവർ‌ രണ്ട് പേർക്കും വലിയ താൽപര്യമുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് ഇത്തരം ലുക്ക് നമുക്ക് അവർ‌ക്ക് കൊടുക്കാൻ സാധിച്ചത്.

മലയാള സിനിമയ്ക്ക് മാത്രമല്ല ലോക സിനിമയിൽ തന്നെ ഒരു മാർക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പ്രൊഡക്ഷനായി മാറാൻ സാധ്യതയുള്ള ടീമാണ് അഞ്ചന വാർസിന്റേത് എന്നും പ്രേം ശങ്കർ പറയുന്നു. അഞ്ചന വാർസിന്റെ ആദ്യ സിനിമയിൽ ഒരു ഭാ​ഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in