ഡല്‍ഹിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംവിധായകൻ പാ.രഞ്ജിത്ത്. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തിയ ചാമ്പ്യന്മാരോട് ഒരു മാന്യതയും ബഹുമാനവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നതെന്നും. തങ്ങളുടെ മെഡലുകൾ നദീജലത്തിൽ ഒഴുക്കാൻ തുനിഞ്ഞ ചാമ്പ്യൻമാരുടെ പ്രതിഷേധത്തോടോ അവരുടെ തീരുമാനത്തോടോ സർക്കാർ പ്രതികരിക്കാത്തത് നാണക്കേടാണെന്നും പാ.രഞ്ജിത്ത് ട്വിറ്ററിൽ കുറിച്ചു.
റെസ്ലിംഗ് ഫെഡറേഷൻ ചെയർമാനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് നടത്തിയ ലൈംഗികാതിക്രമത്തിനെതിരെയുള്ള ഗുസ്തി പ്രതിഷേധത്തിൽ സമാധാനപരമായി പ്രതിഷേധിച്ച സാക്ഷി മാലിക്കിനെയും മറ്റ് ഗുസ്തി ഒളിമ്പ്യൻമാരെയും ലോക ചാമ്പ്യൻഷിപ്പിനെയും കൈയ്യേറ്റം ചെയ്തതിനെതിരെ അപലപിക്കുന്നു. ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഡബ്ല്യുഎഫ്‌ഐയുടെയും എംപിയുടെയും ചെയർമാൻ സ്ഥാനത്തുനിന്നും സിങ്ങിനെ ഉടൻ പുറത്താക്കണമെന്നും സിങ്ങിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു.
പാ.രഞ്ജിത്ത്
ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ, ഏഷ്യന്‍ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തര്‍മന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തിരുന്നു. തുടർന്ന് ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കുമെന്നു തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ കർഷക നേതാവ് നരേഷ് ടികായത്തിന്റെ ഇടപെടലിനെത്തുടർന്ന് ഗംഗയിൽ മെഡലുകൾ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് താത്ക്കാലികമായി പിന്മാറിയിരുന്നു.
നേരത്തെ നടന്‍ കമല്‍ഹാസന്‍, സ്വരഭാസ്‌കര്‍, റിമ കല്ലിങ്കൽ, പാര്‍വതി തിരുവോത്ത്, അപർണ ബാലമുരളി തുടങ്ങിയവര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.