പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രമാണ് 'തങ്കലാന്‍'. സിനിമയ്ക്ക് വേണ്ടി വിക്രം ഏഴ് മാസത്തോളം കഠിനാധ്വാനം ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സംവിധായകന്‍ പാ.രഞ്ജിത്ത് പങ്കുവച്ചിരിക്കുന്നത്. ഷൂട്ട് തുടങ്ങി ആറു ദിവസം കഴിഞ്ഞു അദ്ദേഹം തന്നെ വിളിക്കുകയും ഇത് തനിക്കൊരു പുതിയ അനുഭവമായിരുന്നെന്നും പറയുകയും ചെയ്തെന്ന് റെഡ് നൂള്‍ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാ.രഞ്ജിത് പറഞ്ഞു.
വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. ഇതിന് മുമ്പ് വിക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകളും ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങളും ആണ് മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്. 150 ദിവസത്തെ ചിത്രീകരണം നടന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാകാന്‍ ഇനിയും 20 ദിവസം കൂടിബാക്കിയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ വിക്രം നിലവില്‍ ഒരുമാസത്തെ വിശ്രമത്തിലാണ്. പരിക്ക് ഭേദമായാലുടന്‍ അദ്ദേഹം തങ്കലാനില്‍ വീണ്ടും ജോയിന്‍ ചെയ്യും.
സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഡാനിയേല്‍ കാല്‍റ്റാഗിറോണ്‍, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 'നച്ചത്തിരം നഗര്‍കിര'താണ് പാ. രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം