ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്റെ ഒനിറീന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. സ്വര്‍ഗാനുരാഗിയായതിന്റെ പേരില്‍ സേനയില്‍ നിന്നും രാജി വെക്കേണ്ടി വരുന്ന ഇന്ത്യന്‍ പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സേനയില്‍ മേജറായ പട്ടാളക്കാരനാണ് കഥയിലെ കേന്ദ്ര കഥാപാത്രം.
ബുധനാഴ്ച്ചയാണ് ഒനീറിന് തിരക്കഥ നിഷേധിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഈമെയില്‍ ലഭിക്കുന്നത്. തിരക്കഥ വിശദമായി പഠിച്ചു. എന്നാല്‍ ഈ സിനിമയ്ക്ക് അനുമതി നല്‍കാന്‍ കഴിയില്ല. ഇനി വരാനിരിക്കുന്ന സിനിമകള്‍ക്ക് ആശംസകള്‍ എന്നായിരുന്നു മറുപടി.
2020ലാണ് ഇന്ത്യന്‍ പട്ടാളം പ്രമേയമായോ കഥാപരിസരമായോ വരുന്ന സിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും അനുമതി നേടണമെന്ന നിയമം നിലവില്‍ വരുന്നത്. പട്ടാളത്തിന്റെ പ്രതിച്ഛായക്കോ സേനാംഗങ്ങളുടെ വികാരത്തിനോ മുറിവേല്‍ക്കും വിധത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് വാദം.
2021 ഡിസംബര്‍ 19നാണ് ഒനീര്‍ പ്രതിരോധ മന്ത്രാലയത്തിലേക്ക് തിരക്കഥ അയക്കുന്നത്. തുടര്‍ന്ന് ജനുവരി 19ന് മന്ത്രാലയത്തില്‍ നിന്ന് മറുപടി ലബിക്കുകയായിരുന്നു. തിരക്കഥ നിഷേധിച്ച വിഷയത്തില്‍ ഒനീര്‍ പ്രതിരോധ മന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.
'സ്വാതന്ത്ര്യം നേടി 75 വര്‍ഷവും സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമല്ലാതാക്കിയിട്ട് മൂന്ന് വര്‍ഷവും പിന്നിട്ടു. എന്നിട്ടും ഇവിടെ മനുഷ്യരെ തുല്യതയോടെ പരിഗണിക്കുന്ന കാര്യത്തില്‍ നമ്മള്‍ വളരെ പിന്നിലാണ്. ലോകത്തെ 56 രാജ്യങ്ങള്‍ എല്‍.ജി.ബി.ടി.ക്യു അംഗങ്ങളെ ആര്‍മിയില്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ആര്‍മിയില്‍ മാത്രം ഇത് ഇപ്പോഴും നിയമവിരുദ്ധമായി തുടരുകയാണ്. - എന്നാണ് ഒനീര്‍ ട്വീറ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുമ്പാണ് ഒനീര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സ്വര്‍ഗാനുരാഗിയായതിനാല്‍ സേനയില്‍ നിന്നും ഇറങ്ങേണ്ടി വന്ന മേജറിനെ കാണുന്നത്. അവിടെ നിന്നാണ് ഈ കഥയുടെ തുടക്കമെന്നാണ് ഒനീര്‍ പറയുന്നത്. വീ ആര്‍ എന്ന ഒനീറിന്റെ സിനിമയ്ക്ക് വേണ്ടിയാണ് ഈ കഥ അദ്ദേഹം എഴുതാന്‍ തീരുമാനിക്കുന്നത്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലെ നാല് കഥകള്‍ പറഞ്ഞുകൊണ്ട് സുപ്രീം കോടതി വിധിയെ ആഘോഷിക്കുക എന്ന ഉദ്ദേശത്തിലാണ് 'വീ ആര്‍' എന്ന സിനിമ ഒനീര്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുന്നത്.
തിരക്കഥ നിഷേധിച്ച വിഷയത്തില്‍ ഒനീര്‍ തന്റെ അഭിഭാഷകനുമായി ചര്‍ച്ചയിലാണ്. സിനിമയിലൂടെ ചോദ്യം ചെയ്യുക എന്നതാണ് ഒരു സംവിധായകന്റെ ധര്‍മ്മം. അതിനെ തടയുന്ന പ്രവണത ശരിയല്ലെന്നും ഒനീര്‍ വ്യക്തമാക്കി. ഒനീറിന്റെ 'ഐ ആം' എന്ന ചിത്രത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. 2011ല്‍ പുറത്തിറങ്ങിയ ചിത്രം അന്താരാഷ്ട്ര തലത്തിലും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.