കാണ്ഡഹാർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അമിതാഭ് ബച്ചൻ പ്രതിഫലം വാങ്ങിയിരുന്നില്ല എന്ന് സംവിധായകൻ മേജർ രവി. മൂന്ന് ദിവസത്തേക്ക് അമ്പത് ലക്ഷം രൂപയുടെ ചെക്ക് നൽകിയപ്പോൾ അദ്ദേഹം അന്ന് പറഞ്ഞത് എനിക്ക് മോഹൻലാലിനെ ഇഷ്ടമാണ് എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് എന്ന് മേജർ രവി പറയുന്നു. ഞാൻ വളരെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാലും അമിതാഭ് ബച്ചനും. അമിതാഭ് ബച്ചനെ ആരാധിക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്നാൽ ആ മോഹൻലാലിനെ നോക്കിയാണ് അന്ന് അമിതാഭ് ബച്ചൻ ഐ ലവ് ടു ആക്ട് വിത്ത് യു എന്ന് പറഞ്ഞത് എന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞു.
മേജർ രവി പറഞ്ഞത്:
മനോരമയുടെ കോൺക്ലേവിന് വേണ്ടിയിട്ട് അമിതാഭ് ബച്ചൻ സാർ കേരളത്തിൽ വരുന്നു. അന്ന് മോഹൻലാലും ഉണ്ടായിരുന്നു. അന്ന് മോഹൻലാലിനോട് ഞാൻ പറഞ്ഞു അണ്ണാ ഒന്ന് ചോദിച്ചു നോക്കൂ ഒരു കഥ പറയാൻ വേണ്ടിയിട്ട്. അങ്ങനെ ഞങ്ങൾ പോയി അദ്ദേഹത്തിനോട് ഒരു പത്ത് മിനിട്ട് സംസാരിച്ചു. അദ്ദേഹം ഒക്കെ പറഞ്ഞു. അദ്ദേഹം എന്നോട് ചോദിച്ചു എപ്പോഴാണ് ഷൂട്ട് ചെയ്യേണ്ടത് എന്ന്. ഞാൻ പറഞ്ഞു ജൂൺ ജുലായ് മാസങ്ങളിലായിട്ടാണ് എന്ന്. ശരി ഡേറ്റ് ഞാൻ പറയാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ ഡേറ്റ് വാങ്ങി പ്രൊഡ്യൂസർ സുനിൽ ചന്ദ്രിക നായരും ഞാനും മോഹൻലാലും കൂടി ബോംബെെയിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അദ്ദേഹം ഞങ്ങളെ ചായ കുടിക്കാൻ ക്ഷണിച്ചു. അതിന് പിന്നാലെ ഞാൻ ഒരു ചെക്ക് എടുത്ത് ഒരു ടോക്കൺ എന്ന നിലയിൽ മൂന്ന് ദിവസത്തേക്ക് അമ്പത് ലക്ഷം രൂപയുടെ ചെക്ക് ഞാൻ അദ്ദേഹത്തിന് നൽകി. അദ്ദേഹം അത് വാങ്ങിയില്ല പകരം ഇത് എന്താണ് എന്ന് ചോദിച്ചു. ഇതൊരു ചെറിയ ടോക്കണാണ് ഇന്ന് മലയാള മാസത്തിലെ വിഷുവാണ്. അതുകൊണ്ടാണ് ഈ ദിവസം തന്നെ ഇത് തരാൻ വേണ്ടി വന്നത് എന്ന്. ലാൽ സാറും അതിനെ പിൻതാങ്ങി. അമിത് ജി ചോദിച്ചു എന്ത് റെമ്യുണറേഷൻ? ഈ മൂന്ന് ദിവസത്തിന് വേണ്ടിയിട്ടോ? ഐ ലെെക്ക് ദാറ്റ് പേഴ്സൺ, എ ലെെക്ക് റ്റു ആക്ട് വിത്ത് ഹിം. മോഹൻലാലിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കാണത്. എനിക്ക് എല്ലാം കൊണ്ട് വലിയ സന്തോഷമായിരുന്നു. കാരണം ഞാൻ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്നുള്ളത്, അതുപോലെ തന്നെ ഞാൻ ആരാധിക്കുന്ന മറ്റൊരു വ്യക്തിയാണ് അമിതാഭ് ബച്ചൻ, മോഹൻലാൽ പോലും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ആ അദ്ദേഹം മോഹൻലാലിനോട് പറയുകയാണ് ഐ ലവ് ടു ആക്ട് വിത്ത് യൂ എന്ന്.
അമിതാഭ് ബച്ചൻ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ. 1999 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കാണ്ഡഹാറിലിറക്കിയ സംഭവമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഗണേഷ് വെങ്കട്ട്രാമൻ അവതരിപ്പിച്ച സെെനികന്റെ അച്ഛനായ ലോകനാഥൻ ശർമ്മ എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ അവതരിപ്പിച്ചത്.