തല്ലുമാല സിനിമ കണ്ട് സംവിധായകന്‍ ലോകേഷ് കനകരാജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി നടന്‍ ടൊവിനോ തോമസ്. തല്ലുമാല റിലീസിന് പിന്നാലെ അപ്രതീക്ഷിതമായി വന്ന കോള്‍ ആയിരുന്നു ലോകേഷ് കനകരാജിന്റേതെന്നും ടോവിനോ. തല്ലുമാലയുടെ അവതരണം ഇഷ്ടമായെന്നും മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നതായും പറഞ്ഞു.ലോകേഷ് കനകരാജ് പോലെ ഒരാളില്‍ നിന്നും കിട്ടുന്ന അഭിനന്ദനം വളരെ വിലപ്പെട്ടതാണെന്ന് 'ഗലാട്ട തമിഴ്' എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസ്.
'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് ശേഷം എന്നെ വിളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ലോകേഷ് പറഞ്ഞത്, തല്ലുമാല കണ്ടതിന് ശേഷം എന്നെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്നും ലോകേഷ് പറഞ്ഞെന്ന് ടൊവിനോ തോമസ് വെളിപ്പെടുത്തി. ലോകേഷിനൊപ്പം ഒരു സിനിമ ഉണ്ടാകുമോയെന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ലോകേഷ് ചിത്രങ്ങള്‍ വലിയ ബഡ്ജറ്റിലുള്ളവയാണെന്നും താന്‍ ഇപ്പോള്‍ മറ്റ് സിനിമകളുടെ തിരക്കിലാണെന്നും ടൊവിനോ പറഞ്ഞു.
'2018 എവരിവണ്‍ ഈസ് എ ഹീറോ' ആണ് ടോവിനോയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലെ ഇതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും പിന്നിലാക്കിയാണ് ജൂഡ് ആന്തണി ജോസഫ് ചിത്രം '2018' തീയറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. 22 ദിവസം കൊണ്ടാണ് ചിത്രം ആഗോള കളക്ഷനില്‍ 150 കോടി പിന്നിട്ടത്. തിയറ്റര്‍ കളക്ഷനിലൂടെ മാത്രം 150 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായി 2018. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'പുലിമുരുകന്‍' എന്ന സിനിമ തീര്‍ത്ത 7 വര്‍ഷം മുമ്പത്തെ റെക്കോര്‍ഡാണ് 2018 തകര്‍ത്തത്.
ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത 'അജയന്റെ രണ്ടാം മോഷണം' ആണ് ടോവിനോയുടെതായി അടുത്ത പുറത്തിറങ്ങാനുള്ള ചിത്രം. വലിയ ബഡ്ജറ്റില്‍ ത്രീഡി യില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.