'ജിഗർതണ്ട ഡബിൾ എക്സി'ന്റെ വിജയത്തിൽ നന്ദി പറഞ്ഞ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്റുകളിലെത്തിയത്. ദീപാവലി റിലീസായെത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. ഞങ്ങളുടെ ടീം ശരിക്കും അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നുവെന്നും തിയറ്ററുകൾ പ്രേക്ഷകരുടെ സ്നേഹത്താൽ നിറയുന്നുണ്ടെന്നും ഇനിയും ചിത്രം കാണാത്തവർ തിയറ്ററിലെത്തി ചിത്രം കണ്ടാസ്വദിക്കണം എന്നും കാർത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തു. ചിത്രത്തിൽ സത്യജിത് റേ പോലെ ഒരു ഫിലിം മേക്കറായാണ് താൻ ഇതിൽ അഭിനയിക്കുന്നത് എസ് ജെ സൂര്യ മുമ്പ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എസ് ജെ സൂര്യ പറഞ്ഞത് :
സത്യജിത് റേ പോലെ ഒരു ഫിലിം മേക്കർ ആയി ആണ് ഞാൻ ഇതിൽ അഭിനയിക്കുന്നത്. അതേ ജെൽ ചെയ്ത തലമുടി, നേർത്ത മീശ, കണ്ണാടി, ഒപ്പം കയ്യിൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കാലത്തെ ക്യാമറ. ആ ക്യാമറ ഒരു ഗൺ പോലെ തോന്നിപ്പിക്കും, അത് വച്ച് ഷൂട്ട് ചെയ്യുമ്പോൾ ഒരു ഗ്യാങ്സ്റ്റർ ഫീൽ നമുക്ക് അനുഭവപ്പെടും. സിനിമയിൽ 50 ശതമാനവും എന്റെ കഥാപാത്രം ഒരു സൈലന്റ് മോഡിൽ ആണ് പോകുന്നത്. മാർക്ക് ആന്റണിയിലും, മാനാടിലുമൊക്കെ ലൗഡ് ആക്ടിങ് ആയിരുന്നു ഇതിൽ വളരെ സട്ടിലായ അഭിനയമാണ്. പക്ഷെ രണ്ട് മൂന്ന് സീനുകളിൽ സംവിധായകൻ എന്നെ കുറച്ച് ലൗഡ് ആകാൻ അനുവദിച്ചിട്ടുണ്ട്.
2014ൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർത്തണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർത്തണ്ട ഡബിൾ എക്സ്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് ജിഗർതണ്ട ഡബിൾ എക്സ് ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ, നവീൻ ചന്ദ്ര എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ആണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീതം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.