അഴകിയ രാവണൻ എന്ന ചിത്രത്തിലെ അനുഭവങ്ങളും മമ്മൂക്കയോടൊപ്പമുള്ള ഓർമ്മകളും പങ്കുവച്ച് സംവിധായകൻ കമൽ. നാൽപ്പത്തിയഞ്ച് വർഷത്തോളം നീണ്ട ബന്ധമാണ് മമ്മൂക്കയും താനുമായി ഉള്ളത് എന്നും മമ്മൂക്കയ്ക്കൊപ്പം താൻ ചെയ്ത ആദ്യ ചിത്രം മഴയെത്തും മുൻപെയെക്കാൾ മമ്മൂക്കയെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത് അഴകിയ രാവണൻ സിനിമയാണ് എന്നും കമൽ ക്യു സ്റ്റുഡിയോയോട് പറയുന്നു.
കമൽ പറഞ്ഞത്:
ഏകദേശം നാൽപത് നാൽപ്പത്തിയഞ്ച് വർഷത്തെ പരിയചമുണ്ട് എനിക്ക് മമ്മൂക്കയുമായി. മമ്മൂക്കയുടെ ആദ്യത്തെ സിനിമ ദേവലോകം (ആ സിനിമ ഇതുവരേയ്ക്കും റിലീസായിട്ടില്ല) ഷൂട്ടിംഗ് സമയത്താണ് ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുന്നത്. അവിടം മുതൽ ഇത്ര വർഷത്തെ യാത്രയാണ്, മമ്മൂക്കയോടൊപ്പം തന്നെ സഞ്ചരിച്ചു എന്ന് പറയാം. ആദ്യം അസിസ്റ്റന്റ് ഡയറക്ടർ ആയി, പിന്നീട് അസോസിയേറ്റ് ഡയറക്ടർ ആയി, പിന്നീട് ഡയറക്ടർ ആയി അദ്ദേഹത്തിന്റെ സിനിമയിലെ, ജീവിതത്തിലെ വളർച്ചയിൽ എല്ലാം പലതരത്തിലും കൂടെയുണ്ടായിട്ടുള്ള ഒരാളാണ് ഞാൻ. എന്റെ പ്രധാനപ്പെട്ട കുറേ സിനിമകൾ ഞാൻ മമ്മൂക്കയെ വച്ച് ചെയ്തിട്ടുണ്ട്. അതിൽ വലിയ സന്തോഷവുമുണ്ട്. മമ്മൂട്ടിയുടെ സംവിധായകൻ ആകാൻ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്. ഇന്നും ഏറ്റവും പുതിയ തലമുറയിലെ ആളുകൾക്കൊപ്പം സിനിമകൾ ചെയ്ത് മമ്മൂട്ടി അദ്ദേഹത്തിന്റെ യൗവനം നിലനിർത്തിക്കൊണ്ടിരിക്കുകയാണ്.
ഞാൻ ആദ്യമായി മമ്മൂക്കയോടൊപ്പം ചെയ്യുന്ന ചിത്രം മഴയെത്തും മുൻപെ ആണ്. അതിന് ശേഷം അഴകിയ രാവണൻ. എനിക്ക് ആദ്യം ഓർമ്മയിൽ വരുന്നത് അഴകിയ രാവണൻ എന്ന സിനിമയാണ്. ഈ സിനിമയുടെ കഥ ആദ്യം ഞാനും ശ്രീനിവാസനും കൂടി ചേർന്ന് വർക്ക് ചെയ്തിട്ട് ഫോണിലൂടെയാണ് ശ്രീനിവാസൻ ഈ കഥാപാത്രത്തെക്കുറിച്ച് മമ്മൂക്കയോട് പറയുന്നത്. പറഞ്ഞു കഴിഞ്ഞ ഉടനെ ശ്രീനിവാസൻ പറഞ്ഞത് ഈ സിനിമയിൽ നിങ്ങൾക്ക് ഒരു ഡയലോഗ് ഉണ്ട്. ആ ഡയലോഗ് ആണ് നിങ്ങളുടെ കഥാപാത്രം എന്നാണ്. വേദനിക്കുന്ന കോടീശ്വരൻ എന്നതായിരുന്നു ആ ഡയലോഗ്. പെട്ടെന്ന് മമ്മൂക്ക ചിരിച്ചു. കുറച്ച് അഹങ്കാരവും പൊങ്ങച്ചവും ഉള്ളൊരു കഥാപാത്രമാണ് നിങ്ങൾക്കെന്ന് ശ്രീനിവാസൻ പറഞ്ഞു. താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് ആദ്യം മമ്മൂക്ക ശ്രീനിവാസനോട് ചോദിച്ചത്. സിനിമയിൽ എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഡയലോഗാണ് ഈ വേദനിക്കുന്ന കോടീശ്വരൻ എന്നത്. അന്ന് ആ സീൻ ഷൂട്ട് ചെയ്യാൻ തിരക്കഥ കൊടുത്ത സമയത്ത് ഓഹ് ഇതാണല്ലേ ശ്രീനിവാസൻ പറഞ്ഞ വേദനിക്കുന്ന കോടീശ്വരൻ എന്ന് ചോദിച്ചു കൊണ്ടാണ് അദ്ദേഹം അത് ചെയ്തത്. സിനിമ നിർമാതാവും പൊങ്ങച്ചക്കാരനുമായ ശങ്കർ ദാസ് ഭാനുപ്രിയയെ ഇമ്പ്രസ്സ് ചെയ്യാൻ വേണ്ടി പറയുന്ന ഡയലോഗ് ആണ് അത്. ആ സീനിൽ ഒരു കോമഡി ഉണ്ട്. ഞാൻ വിചാരിച്ചത് മമ്മൂക്ക അത് കോമഡിയായി പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അത് ചീറ്റിപ്പോകാൻ സാധ്യതയുണ്ട് എന്നാണ്. മമ്മൂക്ക ഇത് കോമഡിയാണ് എന്ന് ധരിച്ച് പറയുമോ എന്നെനിക്ക് പേടിയുണ്ടെന്ന് ഞാൻ ശ്രീനിവാസനോട് പറഞ്ഞു. നമുക്ക് നോക്കാം എന്നാണ് ശ്രീനി മറുപടി പറഞ്ഞത്. പക്ഷേ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. കാരണം അദ്ദേഹം വളരെ സീരിയസ്സായാണ് ആ ഡയലോഗ് പറഞ്ഞത്. ശരിക്കും ഉള്ളിൽ കൊണ്ടു നടന്ന പെൺകുട്ടിയോടുള്ള തന്റെ ഇഷ്ടം ഒരു ആത്മ സംഘർഷത്തോടെയാണ് മമ്മൂക്ക പറയുന്നത്. എന്നാൽ അത് തിയറ്ററിൽ ഭയങ്കര ചിരിയുണ്ടാക്കി. ഇത്തരം ചെറിയ കാര്യങ്ങളെ കഥാപാത്രത്തിൽ സന്നിവേശിപ്പിക്കാനുള്ള മമ്മൂക്കയുടെ കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. നമുക്ക് എല്ലാവർക്കും അത് അറിയുന്നതുമാണ്. എങ്ങനെ ഇദ്ദേഹം ഇത് നിലനിർത്തുന്നു എന്നതാണ്. ഇന്ത്യൻ സിനിമയിലെ ടെക്സ്റ്റ് ബുക്കാണ് മമ്മൂക്ക എന്നാണ് എല്ലാവരും പറയുന്നത്. അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം പെർഫോമൻസിൽ മാത്രമല്ല, ജീവിതത്തിൽ ഒരു നടൻ എങ്ങനെയൊക്കെയാണ് എന്നതിനും അദ്ദേഹം ഒരു ടെക്സ്റ്റ് ബുക്കാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും അദ്ദേഹം എങ്ങനെ ഇങ്ങനെ നിത്യയൗവനം കാത്തു സൂക്ഷിച്ചു കൊണ്ട് നിൽക്കുന്നു എന്നത് പുതിയ തലമുറയ്ക്കും ഒരു പാഠമാണ്. എല്ലാവരും പറയുന്ന കാര്യമാണ് മമ്മൂട്ടി എങ്ങനെയാണ് യൗവനം കാത്തു സൂക്ഷിക്കുന്നത് എന്ന്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭക്ഷണ കാര്യങ്ങളിലൂള്ള അദ്ദേഹത്തിന്റെ ചിട്ട, വ്യായാമം, ആത്മസംയമനം, ഒക്കെ അതിന് കാരണമാണ്. പലപ്പോഴും സെറ്റിലൊക്കെ ക്ഷോഭിക്കുന്ന ഒരാൾ തന്നെയാണ് അദ്ദേഹം. എങ്കിൽ പോലും അതിന് ഒരു കാരണമുണ്ടായിരിക്കും. ഒരു കാരണവുമില്ലാതെ ഒരിക്കൽ പോലും അദ്ദേഹം മുഖം കറുപ്പിക്കുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. അതിന് മിക്കവാറും കാരണം എന്ന് പറയുന്നത് കഥാപാത്രമാകാൻ അദ്ദേഹം നടത്തുന്ന ശ്രമത്തിന്റെ ഇടയിൽ എന്തെങ്കിലും തരത്തിലുള്ള ശല്യം ഉണ്ടാകുമ്പോഴാണ് അദ്ദേഹം ക്ഷുഭിതനാവുന്നത്. അതാണ് എന്റെ അനുഭവം. അതുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്ക, ലോകത്തിലുള്ള എല്ലാ മലയാളികളുടെയും എല്ലാ സിനിമയെ സ്നേഹിക്കുന്ന മനഷ്യരുടെയും പ്രിയപ്പെട്ട മമ്മൂട്ടി, എന്നും മലയാള സിനിമയുടെ വലിയൊരു പാഠപുസ്തകമായി നിലനിൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹത്തിന് ഈ പിറന്നാൾ ദിനത്തിൽ എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.