മലയാളത്തിലെ ഒരു പ്രത്യേക ഗ്യാംഗ് ആയിരുന്നു 2018 എന്ന സിനിമ ചെയ്തിരുന്നതെങ്കിൽ ഓസ്കാർ കിട്ടിയേനേ എന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പത്ത് വർഷത്തിനിടെ ഇറങ്ങിയ സിനിമകളിൽ ഒരു സിനിമ ഹിറ്റാകുമ്പോൾ മലയാളം ഇൻഡസ്ട്രിയിൽ നിന്നും സപ്പോർട്ട് ചെയ്ത് വന്നിട്ടുള്ള സംവിധായകരുടെ പോസ്റ്റുകളോ കമന്റുകളോ ഷെയറുകളോ നോക്കുക, അതേസമയം ഒരു ഗ്യാങ്ങിൽ നിന്നും വന്നിട്ടുള്ള ബിലോ ആവറേജ് സിനിമകൾക്ക് കിട്ടിയ സപ്പോർട്ടുകളുടെ പോസ്റ്ററോ കമന്റുകളോ നോക്കുക വ്യത്യാസം മനസിലാകുമെന്നും ജൂഡ് ആന്തണി. മനോരമ ന്യൂസ് ചാനലിലെ ന്യൂസ്മേക്കർ സംവാദത്തിലാണ് പ്രതികരണം.
ജൂഡ് ആന്തണി ജോസഫിന്റെ വാക്കുകൾ:
പിആർ വർക്കിലൊക്കെ കാര്യമുണ്ട്, അത് വേണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ അതിനുള്ള കറക്ട് ഒരു ടെക്നിക്ക് നമുക്ക് അറിയില്ല. ഒരു ബിരിയാണി ഉണ്ടാക്കാൻ മാത്രമല്ല, ഈ ബിരിയാണിയാണ് ഏറ്റവും മഹത്തരമെന്ന് എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. ഞാനല്ല ഒരു പക്ഷേ മാർക്കറ്റിംഗിൽ കഴിവുള്ള ഒരാളാണ് ഇത് ചെയ്തിരുന്നതെങ്കിൽ ചിലപ്പോൾ ഈ സിനിമ ഓസ്കാർ വാങ്ങിയിരുന്നേനേ. അത് ഒരു സത്യമായ കാര്യമാണ്. നിങ്ങൾ തന്നെ നിരീക്ഷിച്ചാൽ മതി. ഒരു പത്ത് വർഷത്തിനിടെ ഇറങ്ങിയ സിനിമകളിൽ ഒരു സിനിമ ഹിറ്റാകുമ്പോൾ നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നും സപ്പോർട്ട് ചെയ്ത് വന്നിട്ടുള്ള സംവിധായകരുടെ പോസ്റ്റുകളോ കമന്റുകളോ ഷെയറുകളോ നോക്കുക. അതേസമയം ഇതേ ഗ്യാങ്ങിൽ നിന്നും വന്നിട്ടുള്ള ബിലോ ആവറേജ് സിനിമകൾക്ക് കിട്ടിയ സപ്പോർട്ടുകളുടെ പോസ്റ്ററോ കമന്റുകളോ നോക്കുക. പൊതുവെ ഒരു ഗ്യാങ്ങിലും ഉൾപെടണം എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. എനിക്ക് എല്ലാരോടുമൊത്ത് വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. ഒരു നടൻ എന്ന നിലയിൽ ഇതിൽ പലരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. പക്ഷേ അവർക്ക് ഒരു വിമൂഖതയാണ് മറ്റുള്ളവരെ അകത്തേക്ക് കയറ്റാൻ. അത് ഞാനൊരു പരാതിയായിട്ട് പറയുന്നതല്ല, പക്ഷേ അങ്ങനെ ഒരു ഗ്യാങ്ങിലാണ് ഈ സിനിമ വന്നിരുന്നത് എങ്കിൽ, ഈ സിനിമയുടെ മാർക്കറ്റിംഗ് ടീമിനെക്കൊണ്ട് ഈ സിനിമ എവിടെ വരെ എത്തിക്കാൻ സാധിക്കുമോ അതൊക്കെ അവർ ചെയ്തേനേ. ഒന്നുമില്ലെങ്കിൽ പോലും വളരെ വലുതായിട്ട് കാണിക്കുന്നത് അവരുടെ ഒരു പ്ലസ് പോയിന്റാണ്.
2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രമായിരുന്നു '2018: എവരിവൺ ഈസ് എ ഹീറോ'. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ചിത്രം ഓസ്കാർ അവാർഡ് നോമിനേഷന്റെ ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നില്ല. ജൂഡ് ആന്തണി ജോസഫും അഖിൽ പി ധർമ്മജനും തിരക്കഥയെഴുതി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും നിർമ്മിച്ച 2018 ബോക്സ് ഓഫീസിൽ 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി റെക്കോർഡിട്ടിരുന്നു. മലയാളം ചിത്രങ്ങളായ ഗുരു (1997), ആദാമിന്റെ മകൻ അബു (2011), ജെല്ലിക്കെട്ട് (2019) എന്നിവ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു, എന്നാൽ നോമിനേഷൻ ലഭിച്ചിരുന്നില്ല.
എം.വി. കൈരളിയുടെ തിരോധാനം പ്രമേയമാക്കുന്ന സിനിമയുടെ പണിപ്പുരയിലാണ് ജൂഡ് ആന്തണി ജോസഫ്. ഹോളിവുഡ് മാഗസിൻ വറൈറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് കൈരളി കപ്പലിന്റെ അപ്രത്യക്ഷമാകൽ പ്രമേയമായ ത്രില്ലറാണ് അടുത്തതായി ചെയ്യുന്നതെന്ന് ജൂഡ് ആന്തണി പ്രഖ്യാപിച്ചത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രവും ജൂഡിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്.