'ജയന്‍ നടനാകാന്‍ പ്രധാനകാരണം കെ.പി.ഉമ്മര്‍'; അധികമാര്‍ക്കും അറിയാത്ത കാര്യമെന്ന് ഹരിഹരന്‍

'ജയന്‍ നടനാകാന്‍ പ്രധാനകാരണം കെ.പി.ഉമ്മര്‍'; അധികമാര്‍ക്കും അറിയാത്ത കാര്യമെന്ന് ഹരിഹരന്‍
Published on

ജയന്‍ നടനാകാന്‍ കാരണം കെ.പി.ഉമ്മറെന്ന് സംവിധായകന്‍ ഹരിഹരന്‍. പഞ്ചമി എന്ന ചിത്രത്തിലേക്ക് ആദ്യം പ്രധാനകഥാപാത്രമായി തീരുമാനിച്ചത് ഉമ്മറിനെയായിരുന്നു. പിന്നീട് ജയന്‍ ഈ കഥാപാത്രത്തിലേക്ക് എത്തുകയായിരുന്നു. ഇതിന് പ്രധാന കാരണമായത് കെ.പി.ഉമ്മറാണെന്നും അമ്പിളി കാഴ്ചകള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹരിഹരന്‍ പറഞ്ഞു.

ഒരു സഹോദരനെ പോലെയായിരുന്നു തനിക്ക് ഉമ്മറെന്നും, അദ്ദേഹത്തിന് തന്നോടും അങ്ങനെ തന്നെയായിരുന്നുവെന്നും സംവിധായകന്‍. പണ്ട് കോഴിക്കോട് കലാകാരന്മാരുടെ സങ്കേതമായിരുന്ന ബ്രദേര്‍സ് മ്യൂസിക് ക്ലബ്ബില്‍വെച്ചാണ് ആദ്യമായി കെ.പി.ഉമ്മറിനെ കാണുന്നത്. നാടകങ്ങളിലും, സിനിമയിലും ഒരുപോലെ ശോഭിച്ചിട്ടുള്ള പ്രധാനപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നു ഉമ്മര്‍, ഇങ്ങനെയാണെങ്കിലും അദ്ദേഹം അര്‍ഹിക്കുന്ന അംഗീകരാരം മലയാളക്കര അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും ഹരിഹരന്‍ പറഞ്ഞു.

സംവിധായകന്റെ വാക്കുകള്‍:

'നല്ല ഒരു വ്യക്തിയായിരുന്നു കെ.പി.ഉമ്മര്‍, അപൂര്‍വ്വവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അവസരങ്ങളായും, പണമായും നിരവധി പേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.

പഞ്ചമി എന്ന സിനിയലിലൂടെയാണ് ജയന്‍ എന്ന നടന്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതിന് പ്രധാന കാര്യം കെ.പി.ഉമ്മറായിയിരുന്നു. അധികമാര്‍ക്കും ഇതെ കുറിച്ച് അറിയില്ല. പഞ്ചമി എന്ന സിനിമ ഷൂട്ടിങ് തുടങ്ങി ഒന്നോരണ്ടോ ദിവസം കഴിഞ്ഞ് ഒരു ദിവസം ചിത്രീകരണത്തിന് കെ.പി.ഉമ്മര്‍ വന്നില്ല. അദ്ദേഹത്തിന് സുഖമുണ്ടായിരുന്നില്ല. ഷൂട്ടിങ് പാക്കപ്പ് ചെയ്ത് പോകണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍, എന്നെ പരിചയപ്പെടാന്‍ ഒരാള്‍ വന്നിട്ടുണ്ട് എന്ന് ജയഭാരതി വന്നു പറഞ്ഞു. അയാള്‍ ഉമ്മറിന്റെ കഥാപാത്രത്തിന് പറ്റുമോ എന്ന് നോക്കണം എന്നു പറഞ്ഞു. ഞാന്‍ അയാളെ വിളിക്കാന്‍ പറഞ്ഞു, ജയഭാരതി പോയി വിളിച്ചുകൊണ്ടുവന്നു.

കൃഷ്ണന്‍ നായര്‍ എന്നാണ് പേരെന്ന് പറഞ്ഞു. ഒരു ടെസ്റ്റ് സീന്‍ ചെയ്ത് നോക്കാം, കെ.പി.ഉമ്മറിനുള്ള വസ്ത്രങ്ങള്‍ കൊടുക്കാനും പറഞ്ഞു. അതിന് ശേഷം ഞാന്‍ ഉമ്മറിനെ വിളിച്ച്, കഥാപാത്രത്തിന് വേണ്ടി മറ്റൊരാളെ നോക്കുന്നുണ്ട് എന്താ നിങ്ങളുടെ അഭിപ്രായം എന്ന് ചോദിച്ചു. 'ഓ അങ്ങനെയാണോ, ഞാന്‍ കാരണം മലയാള സിനിമയില്‍ ഒരു നടന്‍ വരുകയാണെങ്കില്‍ വരട്ടെ' എന്നാണ് അദ്ദേഹം പറഞ്ഞത്. തമാശയായിട്ടല്ല, കാര്യമായിട്ട് തന്നെയായിരുന്നു ഉമ്മര്‍ അത് പറഞ്ഞത്. തീര്‍ച്ചയായും അയാളെ ഇടണം, കുഴപ്പമൊന്നുമില്ല എന്നും ഉമ്മര്‍ പറഞ്ഞു.

നിങ്ങള്‍ നാളെ വരുന്നുണ്ടെങ്കില്‍ വെയ്റ്റ് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, വേണ്ട, പുതിയ നടന്‍ വരുന്നെങ്കില്‍ വരട്ടെ എന്നായിരുന്നു മറുപടി. അന്ന് ഉമ്മര്‍ എങ്ങനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പുതിയ ആളെ ഇടില്ലായിരുന്നു.

ആ സിനിമയിലൂടെയാണ് ജയന്‍ സിനിമാ നടനെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മുമ്പ് ഒരു പാട്ടുസീനില്‍ അഭിനയിട്ടുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ആ സിനിമ റിലീസ് ആയില്ല. അത് കഴിഞ്ഞ് ഉമ്മര്‍ പ്രധാനകഥാപാത്രമായെത്തിയ 'ഇവന്‍ എന്റെ പ്രിയപുത്രന്‍' എന്ന ചിത്രത്തിലേക്ക്, ജയനെ വിളിക്കാമല്ലോ എന്ന് പറഞ്ഞതും ഉമ്മര്‍ തന്നെയായിരുന്നു.

ശരപഞ്ജരം എന്ന സിനിമ വന്നതോട് കൂടിയാണ് ജയന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുന്നതും മറ്റ് സംവിധായകരും, നിര്‍മ്മാതാക്കളും ജയനെ അന്വേഷിക്കാന്‍ തുടങ്ങുന്നതും. അസാധ്യമായ നടനെയാണ് നമ്മള്‍ പരിചയപ്പെടുത്തിയത് എന്നായിരുന്നു ശരപഞ്ജരം കണ്ട് ഉമ്മര്‍ എന്നെ വിളിച്ച് പറഞ്ഞത്.'

Related Stories

No stories found.
logo
The Cue
www.thecue.in