'ഫാമിലി ട്രീ വരച്ചു കഴിഞ്ഞപ്പോള്‍ തന്നെ സ്‌ക്രിപ്റ്റ് പകുതി പൂര്‍ത്തിയായി' ; പൂക്കാലം നാല് തലമുറയുടെ കഥയെന്ന് ഗണേഷ് രാജ്

'ഫാമിലി ട്രീ വരച്ചു കഴിഞ്ഞപ്പോള്‍ തന്നെ സ്‌ക്രിപ്റ്റ് പകുതി പൂര്‍ത്തിയായി' ;  പൂക്കാലം നാല് തലമുറയുടെ കഥയെന്ന് ഗണേഷ് രാജ്
Published on

2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിനു ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂക്കാലം. ബി.ടെക് വിദ്യാര്‍ഥികളുടെ സൗഹൃദവും ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് ടൂര്‍ പ്രമേയമായിട്ടായിരുന്നു ആനന്ദം ഒരുക്കിയതെങ്കില്‍ പൂക്കാലം പറയുന്നത് അതിന് വിപരീതമായി ഫാമിലിയും നൂറ് വയസിലധികം പ്രായമുള്ള ദമ്പതികളെയുമെല്ലാം പ്രമേയമാക്കിയാണ് പൂക്കാലം ഒരുങ്ങുന്നത്. ആനന്ദം കംഫര്‍ട്ടബിള്‍ സ്‌പേസില്‍ ഒരുക്കിയ ചിത്രമായിരുന്നുവെന്ന് ഗണേഷ് രാജ് പറയുന്നു. ബി ടെക് കാലഘട്ടം തനിക്ക് സുപരിചിതമാണ്. എന്നാല്‍ പൂക്കാലം സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമയാണ്. 80 വര്‍ഷം ഒന്നിച്ചു ജീവിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചു തനിക്കറിയില്ല. സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ താന്‍ വിവാഹിതനല്ല. ചോദിച്ചും അന്വേഷിച്ചുമാണ് അങ്ങനെയൊരു കുടുംബത്തിന്റെ രീതികള്‍ മനസിലാക്കിയെടുത്തതെന്നും സംവിധായകന്‍ ഗണേഷ് രാജ് ക്യു സ്റ്റുഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൗഹൃദം പ്രമേയമായി സിനിമ ചെയ്തു, ഫാമിലി ഡൈനാമിക്സ് ആണ് പൂക്കാലത്തില്‍ അവതരിപ്പിക്കുന്നതെന്ന് ഗണേഷ് രാജ് പറഞ്ഞു. ഫാമിലി ട്രീ വരച്ചു കഴിഞ്ഞപ്പോള്‍ തന്നെ സ്‌ക്രിപ്റ്റ് പകുതിയും കഴിഞ്ഞു. പുതിയ താരങ്ങള്‍ പൊതുവെ പറഞ്ഞു നല്‍കുന്നതിനെ അനുകരിക്കും, എന്നാല്‍ സീനിയര്‍ അഭിനേതാക്കള്‍ അവരുടേതായ മോഡുലേഷന്‍ നല്‍കാറുണ്ട്. അത് പുതിയൊരു പാഠമാണ്. ബേസിലിന്റെയും വിനീതിന്റേയും രംഗങ്ങളില്‍ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എഴുതിയതിനു പുറമെ അവര്‍ തന്നെ ഉള്‍പ്പെടുത്തി. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പലതും ഷൂട്ടിങ്ങില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നും ഗണേഷ് പറഞ്ഞു

വിജയരാഘവന്‍, കെ.പി.എ.സി ലീല, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 90 കഴിഞ്ഞ ഇട്ടൂപ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. നാല് തലമുറകളുടെ കഥയാണ് പൂക്കാലം. വിനീത് ശ്രീനിവാസന്റെ സഹസംവിധായകന്‍ ആയി തട്ടത്തിന്‍ മറയത്തിലൂടെയാണ് ഗണേഷ് സിനിമ മേഖലയില്‍ അരങ്ങേറിയത്.

വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-സച്ചിന്‍ വാര്യര്‍,എഡിറ്റര്‍-മിഥുന്‍ മുരളി

Related Stories

No stories found.
logo
The Cue
www.thecue.in