ആടുജീവിതം എന്ന ചിത്രത്തിലൂടെ ഏതെങ്കിലും ഒരു വ്യക്തിയുടെയോ രാജ്യത്തിന്റെയോ വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകന്‍ ബ്ലെസ്സി. ചിത്രം സൗദിയിലുള്ളവരെ മോശമായി ചിത്രീകരിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് ആകിഫ് നജം എന്ന ജോര്‍ദാനിയന്‍ നടന്‍ സൗദിയിലെ ജനങ്ങളോട് മാപ്പു പറഞ്ഞതും വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറുപടിയുമായി സംവിധായകന്‍ ബ്ലെസ്സി തന്നെ മുന്നോട്ടു വന്നിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തെറ്റായ വാദങ്ങള്‍ പ്രചരിപ്പിച്ച് സാമൂഹിക അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. നജീബിനെ രക്ഷിക്കുന്ന കഥാപാത്രത്തിലൂടെ അറബികളുടെ കാരുണ്യം അടയാളപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ ആരോപിക്കരുതെന്നും സിനിമയെ കലാപരമായി മാത്രം സമീപിക്കണമെന്നും സംവിധായകന്‍ എക്സില്‍ എഴുതിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ബ്ലെസ്സിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെന്യാമിന്‍ രചന നിര്‍വഹിച്ച്, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആട് ജീവിതം.
ക്രൂരനായ വ്യക്തിയുടെ ഹൃദയത്തില്‍ പോലും മനുഷ്യാത്മാവിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിക്കാട്ടാന്‍ സിനിമ ശ്രമിച്ചിട്ടുണ്ട്. മരുഭൂമിയില്‍ നിന്ന് തന്നെ രക്ഷിച്ച ഇബ്രാഹിം ഖാദിരിയുടെ രൂപത്തിലും, വിശ്വാസമോ മതമോ രാജ്യമോ നോക്കാതെ മോശം അവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ വരുന്ന ധനികനായ അറബിയുടെ രൂപത്തിലും, നജീബ് ദൈവത്തെ കാണുന്നുണ്ട്. സിനിമയിലുടനീളം ഈ സന്ദേശം പറയാന്‍ മാത്രമായിരുന്നു ഞാന്‍ ശ്രമിച്ചത്. ഒരു വ്യക്തിയുടെയോ ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.
നജീബിനെ രക്ഷിച്ച് തന്റെ റോള്‍സ് റോയ്സില്‍ കൊണ്ടുപോകുന്ന ദയാലുവായ ഒരു മനുഷ്യന്റെ കഥാപാത്രത്തിലൂടെ അറബി ജനതയുടെ കരുണയും കാരുണ്യവും സത്യസന്ധമായി ചിത്രീകരിക്കാന്‍ സിനിമ ശ്രമിച്ചു (അയാള്‍ ഇല്ലായിരുന്നെങ്കില്‍ നജീബ് റോഡില്‍ വെച്ച് മരിക്കുമായിരുന്നു). അയാള്‍ അവന് കുടിക്കാന്‍ വെള്ളം കൊടുക്കുന്നു, ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നു, രക്ഷപ്പെടാനുള്ള വഴികളുള്ള ഒരു സ്ഥലത്തേക്ക് അവനെ കൊണ്ടുപോകുന്നു. ചിത്രത്തിലെ റസ്റ്റോറന്റ് ജീവനക്കാരും, തടങ്കല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നവരും ,ചെക്ക്പോയിന്റ് ജീവനക്കാരും ദയയുടെയും സഹാനുഭൂതിയുടെയും മാതൃകകളായി അംഗീകരിക്കപ്പെടണം.
ഈ സിനിമയുടെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും, 'വിഷ്വല്‍ റൊമാന്‍സ്' എന്ന കമ്പനിയുടെ ഉടമ എന്ന നിലയിലും ഈ സിനിമയുടെ നിര്‍മ്മാണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തെറ്റായ വാദങ്ങള്‍ പ്രചരിപ്പിച്ച് സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇപ്പോള്‍ ഈ പ്രസ്താവന പുറപ്പെടുവിക്കുന്നത്. ഈ സിനിമയെ ഒരു കലാസൃഷ്ടിയായി മാത്രം കാണണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സിനിമയുടെ തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍, ഞാന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതിലും അപ്പുറം എന്തെങ്കിലും ആരോപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.