ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഒപ്പം തിയറ്ററിലുള്ള ചെറിയ ചിത്രങ്ങള്‍ക്ക് പ്രൈം ടൈമില്‍ തിയറ്ററുകളും ഷോകളും ലഭിക്കുന്നില്ലെന്ന് ജാനകി ജാനേയുടെ സംവിധായകനായ അനീഷ് ഉപാസന. 2018 പോലെ വലിയ സിനിമയല്ല ജാനകി ജാനേ, ഫാമിലി ഓഡിയന്‍സാണ് ചിത്രത്തിന് വരുക. ജോലി സമയത്ത് അവര്‍ തിയേറ്ററിലേക്ക് വരില്ല, 6 മണി, ഏഴ് മണി സമയങ്ങളിലായിരിക്കും അവര്‍ എത്തുക. പക്ഷേ ചിത്രത്തിന് ആ സമയത്ത് തിയറ്ററുകള്‍ ലഭിക്കുന്നില്ല, തിയറ്ററുകള്‍ ചിത്രത്തെ തീരെ പരിഗണിക്കുന്നില്ലെന്നും അനീഷ് ഉപാസന ദ ക്യുവിനോട് പറഞ്ഞു.
99 ശതമാനം തിയേറ്ററുകളിലും ഞങ്ങള്‍ക്ക് പ്രൈം ടൈംമില്‍ സിനിമ കിട്ടുന്നില്ല. തിയേറ്ററുകാര്‍ മാക്‌സിമം ഹൗസ് ഫുള്‍ ഷോ കളിക്കാനാണ് നോക്കുന്നത്. പക്ഷേ എന്നാലും നമ്മളെക്കൂടി പപരിഗണിക്കേണ്ടേ? നമ്മളും ചെയ്തത് സിനിമ തന്നെയല്ലേ വലുപ്പക്കുറവ് ഉണ്ടെന്ന് മാത്രമല്ലേയുള്ളൂ. ഒരു മോശം ചിത്രമാണെങ്കില്‍ എടുത്ത് കളഞ്ഞോട്ടെ കുഴപ്പമില്ല, പക്ഷേ ഇത് നല്ല അഭിപ്രായമുള്ള സിനിമയാണ്.
അനീഷ് ഉപാസന
ഏത് സമയത്തും ആളുകള്‍ തീര്‍ച്ചയായും കാണാന്‍ എത്തുന്ന ഒരു ചിത്രമാണ് 2018. എന്നാല്‍ ചെറിയ സിനിമകള്‍ കാണാന്‍ കുടുംബപ്രേക്ഷകര്‍ എത്തുന്ന സമയത്ത് ഷോ ടൈം മാറ്റി പകല്‍ പതിനൊന്ന് മണിയൊക്കെ വെച്ചു കഴിഞ്ഞാല്‍ കുടുങ്ങിപോകും. നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. എന്നാല്‍ 2018 എന്ന സിനിമ ഏത് പാതിരാത്രിക്കാണെങ്കിലും ആളുകള്‍ കയറും അങ്ങനെത്തെ ഒരു ക്യാന്‍വാസില്‍ അങ്ങനെയുള്ള ഒരു ഗംഭീര ചിത്രമാണ് അതെന്നും അനീഷ് ഉപാസന പറഞ്ഞു.
പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും തിയേറ്ററുടമകളോടും വിതരണക്കാരോടും സംസാരിച്ചിട്ടുണ്ടെന്നും നോക്കാം, സംസാരിക്കം തുടങ്ങിയ മറുപടികളാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും അനീഷ് ഉപാസന പറയുന്നു. പക്ഷേ അതിങ്ങനെ സംസാരിച്ച് പോകും തോറും സിനിമ തിയേറ്ററുകളില്‍ നിന്നും പോയിട്ടുണ്ടാവും. പത്തിരുപത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന നമുക്ക് അറിയാല്ലോ? സിനിമ പോയി കഴിഞ്ഞാല്‍ അവര്‍ ചോദിക്കും ഇനിയെന്താ ചെയ്യുക എന്ന്. തിയേറ്ററില്‍ നിന്നും സിനിമ പോയി കഴിഞ്ഞാല്‍ പിന്നെ കൊണ്ടു വരുന്നത് നടക്കില്ല. ആളുകളുടെ മനസ്സിലും അത് തിയേറ്ററില്‍ നിന്നും പോയി എന്നാകുമല്ലോയെന്നും അനീഷ് ഉപാസന ചോദിക്കുന്നു.
ഇതും ഒരു മലയാള സിനിമ തന്നെയല്ലേ ? ഇതും വേണ്ടേ ? ആളുകള്‍ കൈവിട്ടാല്‍, തിയറ്ററുകളില്‍ സിനിമ കണ്ട ആളുകള്‍ക്ക് ഇഷ്ടമായില്ല എങ്കില്‍ ഓക്കെ. പക്ഷേ നല്ല റിവ്യൂസാണ് ഞങ്ങള്‍ക്ക് വരുന്നത്, ഞങ്ങള്‍ക്ക് മാത്രമല്ല നെയ്മറിനും. എല്ലാ പടങ്ങള്‍ക്കും നല്ല അഭിപ്രായമാണ് ആളുകള്‍ പറയുന്നത്. പക്ഷേ ആളുകള്‍ തിയേറ്ററിലെത്തുമ്പോള്‍ പടമില്ല. ആളുകള്‍ എക്‌സ്‌പെക്ട് ചെയ്ത് തിയേറ്ററുകളിലെക്കെത്തുമ്പോള്‍ കാണുന്നത് 2018 ആണ്. 2018 എന്ന സിനിമ എടുത്തുമാറ്റണമെന്നല്ല ഞങ്ങള്‍ പറയുന്നത് പ്രൈം ടൈമുകളില്‍ ഞങ്ങളെയും കൂടി ഉള്‍പ്പെടുത്തണം എന്നാണ്.
അനീഷ് ഉപാസന
മെയ് 12നായിരുന്നു അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ റിലീസ് ചെയ്തത.് നവ്യ നായര്‍ , സൈജു കുറുപ്പ്, അനാര്‍ക്കലി മരക്കാര്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. അതേ സമയം 2018ലെ പ്രളയം പ്രമേയമാക്കിയൊരുക്കിയ ജൂഡ് ആന്തണി ചിത്രം 2018 നൂറ് കോടി ക്ലബ്ബില്‍ കഴിഞ്ഞ ദിവസം ഇടം പിടിച്ചിരുന്നു. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന ചിത്രമാണ് 2018.