'മലർ ആകാൻ ആദ്യം പരി​ഗണിച്ചത് അസിനെ, വിനയ് ഫോർട്ടിന്റെ കഥാപാത്രം ചെമ്പൻ വിനോദിന്'; പ്രേമത്തിലെ കാസ്റ്റിം​ഗിനെക്കുറിച്ച് അൽഫോൺസ് പുത്രൻ

'മലർ ആകാൻ ആദ്യം പരി​ഗണിച്ചത് അസിനെ, വിനയ് ഫോർട്ടിന്റെ കഥാപാത്രം ചെമ്പൻ വിനോദിന്'; പ്രേമത്തിലെ കാസ്റ്റിം​ഗിനെക്കുറിച്ച് അൽഫോൺസ് പുത്രൻ
Published on

പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് നടി അസിനെ ആയിരുന്നു എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. കഥാപാത്രത്തിന് അനുസരിച്ചാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് എന്നും പ്രേമത്തിലെ വിനയ് ഫോർട്ടിന്റെ കഥാപാത്രം ആര് ചെയ്യും എന്നതിൽ തനിക്ക് വളരെ ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നും അൽഫോൺസ് പറയുന്നു. ചെമ്പൻ വിനോദിനെ ആ കഥാപാത്രത്തിന് വേണ്ടി സമീപിച്ചിരുന്നു. മലർ എന്ന കഥാപാത്രത്തിന് വേണ്ടി അസിനോട് നിവിൻ പോളി സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. മട്ടാഞ്ചേരി ബേസ് ചെയ്താണ് ആ കഥാപാത്രത്തെ അന്ന് എഴുതിയിരുന്നത്. പിന്നീട് തമിഴ് കഥാപാത്രമായി മാറ്റിയതിന് ശേഷമാണ് സായി പല്ലവിയെ ഓഡീഷൻ ചെയ്തത്. അന്ന് ഓഡീഷനിൽ തിരഞ്ഞെടുക്കാതെ വിട്ടവർ ഇന്ന് സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളായി മാറി എന്നും അൽഫോൺസ് കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അൽഫോൺസ് പുത്രൻ പറഞ്ഞത്:

കഥാപാത്രത്തിന് അനുസരിച്ചാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ആ സമയത്ത് അവർ അവെെലബിൾ ആയിരിക്കുകയും വേണം. ചില സമയത്ത് സുഹൃത്തുക്കൾ പറഞ്ഞിട്ടോ, അല്ലെങ്കിൽ അസോസിയേറ്റ്സ് പറഞ്ഞിട്ടോ കാസ്റ്റിം​ഗ് ക്രൂ പറഞ്ഞിട്ടോ ഒക്കെയാണ് അത് ചെയ്യുന്നത്. ഇത് ഒരു സെെഡിൽ നടക്കും. അതില്ലെങ്കിൽ ഓഡീഷൻ വിളിക്കും. ഉദാഹരണത്തിന് പ്രേമത്തിലെ വിനയ് ഫോർട്ടിന്റെ കഥാപാത്രം ആര് ചെയ്യും എന്ന് എനിക്ക് വലിയ കൺഫ്യൂഷൻ ഉണ്ടായിരുന്നു. സൗബിന്റെ കഥാപാത്രം നേരത്തെ തന്നെ ഫിക്സ് ചെയ്തിരുന്നു. വിനയ് ഫോർട്ടിന്റെ കഥാപാത്രം ആര് ചെയ്യുമെന്ന് ഒരുപാട് ആലോചിച്ചു. ഓഡീഷനിലും ആർക്കും അത് ചെയ്ത് ഫലിപ്പിക്കാൻ കഴിഞ്ഞില്ല. അവസാനം ചെമ്പൻ വിനോദിന് ഫോൺ ചെയ്തു. എനിക്ക് ഓഡീഷനൊന്നും വരാൻ പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിൽ അദ്ദേഹത്തെ ലുക്ക് ടെസ്റ്റിന് വേണ്ടിയിട്ടാണ് വിളിച്ചത്. അതിന് ശേഷം ​ഗോൾഡ് സിനിമയുടെ സമയത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തോട് അത് പറഞ്ഞത്. നീ അതാണോ പറഞ്ഞത് എന്ന് ചോദിച്ച് അദ്ദേഹം അന്ന് ചിരിച്ചു. വിനയ് ഫോർട്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റായിരുന്നു. അദ്ദേഹം ഒരുപാട് ഓഡീഷനുകൾ ഒക്കെ കൊടുത്തിട്ടുണ്ട്. പറഞ്ഞ ഉടനെ അദ്ദേഹം വരാം എന്ന് സമ്മതിച്ചു. അദ്ദേഹം വന്ന് മൂന്നാല് തരത്തിൽ ആ കഥാപാത്രത്തെ ഞങ്ങൾക്ക് ചെയ്തു കാണിച്ചു. അത് കൊള്ളമല്ലോ എന്ന് തോന്നിയിട്ടാണ് ആ കഥാപാത്രത്തിന് അദ്ദേഹത്തെ തീരുമാനിച്ചത്. സായി പല്ലവി, മഡോണ, അനുപമ പരമേശ്വരൻ ഇവരെല്ലാവരും അത്തരത്തിൽ ഓഡീഷനിലൂടെ വന്നവരാണ്. എന്നാൽ ഞാൻ ഓഡീഷൻ ചെയ്ത് പോയവർ‌ പിന്നീട് വലിയ ആർട്ടിസ്റ്റുകൾ ആയിട്ടുണ്ട്. ഇവരെ എങ്ങനെ സെലക്ട് ചെയ്യാതെ വിടും എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. അതിൽ ഒരാളാണ് രജിഷ വിജയൻ. അവർ അവസാന ഓഡീഷൻ വരെ എത്തിയിരുന്നു. അപ്പോഴേക്കും മൂന്ന് കഥാപാത്രങ്ങളും ഫിക്സായി കഴിഞ്ഞിരുന്നു. മലർ എന്ന കഥാപാത്രം ചെയ്യാൻ അസിൻ ആയിരുന്നു വരേണ്ടിയിരുന്നത്. നിവിൻ പോളി സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. മട്ടാഞ്ചേരി ബേസ് ചെയ്താണ് ആ കഥാപാത്രത്തെ അന്ന് എഴുതിയിരുന്നത്. പിന്നീട് തമിഴ് കഥാപാത്രമായി മാറ്റിയതിന് ശേഷമാണ് സായി പല്ലവിയെ ഓഡീഷൻ ചെയ്തത്. അവരുടെ വീട്ടിൽ പോയാണ് ഓഡീഷൻ ചെയ്തത്. അതിന് ശേഷമാണ് മഡോണയും അനുപമയും ഫിക്സാവുന്നത്. അന്ന് സെലക്ട് ആവാതെ പോയവർ അഞ്ജു കുര്യൻ, അഞ്ജന ജയപ്രകാശ് പിന്നെ രജിഷ വിജയൻ എന്നിവരായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in