ഷൈന്‍ ടോം ചാക്കോ, കനി കുസൃതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിചിത്രം എന്ന സിനിമ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അച്ചു വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് പോലെ തന്നെ വിചിത്രമായിരുന്നു പ്രഖ്യാപന വീഡിയോയും പോസ്റ്ററും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന വിചിത്രം എങ്ങനെയാണ് മലയാളത്തിലെ മറ്റ് ത്രില്ലര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാകുന്നതെന്ന് സംവിധായകന്‍ അച്ചു വിജയന്‍ ദ ക്യുവിനോട് പറഞ്ഞു.
സാധാരണ ക്രൈം ത്രില്ലറുകളില്‍ ഉണ്ടാകുന്നത് പോലെ ഒരു പൊലീസ് അന്വേഷണം വിചിത്രത്തില്‍ ഇല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കുറ്റകൃത്യത്തിന്റെ സ്വാഭാവികമായ ചുരുളഴിയലാണ് ചിത്രമെന്നാണ് അച്ചു പറയുന്നത്.
അച്ചു വിജയന്റെ വാക്കുകള്‍:
വിചിത്രം എന്ന പേര് തുടക്കത്തില്‍ തിരക്കഥാകൃത്ത് വര്‍ക്കിംഗ് ടൈറ്റിലായണ് ഇട്ടിരുന്നത്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്ന് അറിയാത്തതു കൊണ്ട് താത്കാലികമായ ഒരു പേര് എന്ന രീതിയില്‍ വെച്ചതാണ്. പിന്നെ അവസാനം അതിലും നല്ലൊരു പേര് കിട്ടാത്തതിനാല്‍ വിചിത്രം എന്ന പേര് തന്നെ സിനിമയ്ക്ക് ഇടുകയായിരുന്നു.
ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, കനി കുസൃതി, ലാല്‍, കേതകി നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സിനിമയില്‍ ഈ അഞ്ച് കഥാപാത്രങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം ഉണ്ട്. വിചിത്രം ഒരു ക്രൈം മിസ്റ്ററി ത്രില്ലറാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കുറ്റകൃത്യത്തിന്റെ സ്വാഭാവികമായ വെളിവാകലാണ് ചിത്രം. കാലം തെളിയിക്കുമെന്ന് പറയുന്നത് പോലെ. ആരും സിനിമയില്‍ ക്രൈം അന്വേഷിച്ച് പോകുന്നില്ല. പൊലീസ് അന്വേഷണമില്ല. അങ്ങനെ ഒരു തരത്തിലുമുള്ള അന്വേഷണവും ഇല്ലാതെ ഭയങ്കര ത്രില്ലിങ്ങ് രീതിയില്‍ സത്യം ചുരുളഴിയുന്നതാണ് സിനിമ. തൃശൂരിലെ നൂറ് വര്‍ഷത്തോളം പഴക്കമുള്ള കൃസ്ത്യന്‍ കുടുംബവുമായി ബന്ധപ്പെട്ടുള്ള കഥയാണ് വിചിത്രം പറയുന്നത്.
എന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാണുന്ന കാര്യങ്ങള്‍ സിനിമയില്‍ കാണുന്നതില്‍ കൗതുകം ഇല്ലല്ലോ. അപ്പോള്‍ കാണാത്ത കാര്യങ്ങള്‍ കാണിക്കുക എന്ന ആലോചനയിലാണ് വിചിത്രം തുടങ്ങുന്നത്. സിനിമയിലുള്ളത് എന്നും കാണാത്ത കാര്യങ്ങളാണെങ്കിലും കഥാപാത്രങ്ങളുടെ ജീവിതം വളരെ പച്ചയായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അച്ചു വ്യക്തമാക്കി.
ത്രില്ലര്‍ സിനിമകള്‍ ഇഷ്ടമുള്ളതുകൊണ്ട് അതേ ജോണറില്‍ തന്നെ സിനിമ ചെയ്തത്. നാല് വര്‍ഷത്തോളമായി താന്‍ മറ്റൊരു സിനിമ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. അതും ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നുവെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.