വേട്ടക്കാരന്റെ വിശദീകരണത്തില്‍ ഒതുങ്ങി, പ്രസ്താവനകള്‍ ഇടതുപക്ഷ വിരുദ്ധം: മന്ത്രി സജി ചെറിയാനെതിരെ ആഷിഖ് അബു

വേട്ടക്കാരന്റെ വിശദീകരണത്തില്‍ ഒതുങ്ങി, പ്രസ്താവനകള്‍ ഇടതുപക്ഷ വിരുദ്ധം: മന്ത്രി സജി ചെറിയാനെതിരെ ആഷിഖ് അബു
Published on

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് ആഷിഖ് അബു. വെളിപ്പെടുത്തലുമായി ഒരാള്‍ മുന്നോട്ട് വരുമ്പോള്‍ അതൊന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാതെ വേട്ടക്കാരന്റെ വിശദീകരണങ്ങളില്‍ ഒതുങ്ങിപ്പോകുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. സംവിധായകന്‍ രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ എന്ന പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണം. സ്വന്തം അനുഭവം ഒരു സ്ത്രീ വന്ന് തുറന്നു പറയുമ്പോള്‍ അത് വിശ്വസിക്കുക എന്നുള്ളതാണ് പ്രാഥമികമായി ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. എന്നാല്‍ ഈ ബോധം പോലും മന്ത്രിയ്ക്കുണ്ടായില്ലന്നും അതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും സംവിധായകന്‍ മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ആഷിഖ് അബു പറഞ്ഞത്:

കേരളത്തിന്റെ സിനിമാ മേഖല ഇന്ന് ഇന്ത്യയില്‍ ഏറ്റവും അറിയപ്പെടുന്ന ഒന്നാണ്. സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ പ്രസ്താവനകളും തന്നെ ഒരു തരത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കാത്തതാണ്. സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്ത പ്രതികരണങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് അദ്ദേഹത്തെ തിരുത്തേണ്ടത് അത്യാവശ്യമാണ്. ഒരു ഇടത് സഹയാത്രിക തന്നെയാണ് ഈ പരാതി ഉന്നയിച്ച സ്ത്രീ. അതിനെ പറ്റി ഒന്നന്വേഷിക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാതെ ഒരു വേട്ടക്കാരന്റെ വിശദീകരണങ്ങളില്‍ ഒതുങ്ങിപ്പോയി എന്നതാണ് സംഭവിച്ചത്. മന്ത്രിയുടെ ഈ നിലപാടിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്.

സ്വന്തം അനുഭവം ഒരു സ്ത്രീ വന്ന് തുറന്നു പറയുമ്പോള്‍ അത് വിശ്വസിക്കുക എന്നുള്ളതാണ് പ്രാഥമികമായി ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. അങ്ങനെയുള്ള അടിസ്ഥാനപരമായ ബോധം പോലും ഈ മന്ത്രിയ്ക്കുണ്ടായില്ല. അതോടൊപ്പം സര്‍ക്കാര്‍ ആ സംവിധായകനെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണം. അന്വേഷണം നടക്കട്ടെ. പരിഷ്‌കൃതമായ ഒരു സമീപനമാണ് ജഗദീഷേട്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. സിദ്ധിഖിന്റെ കാര്യം എനിക്കറിയില്ല. അദ്ദേഹം നല്ലൊരു നടനാണ്. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലും അദ്ദേഹം അഭിനയിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.

Related Stories

No stories found.
logo
The Cue
www.thecue.in