ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ഭിന്നത. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ മലയാള സിനിമയുടെ നയരൂപീകരണ സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. വിനയൻ അടക്കമുള്ള പലർക്കും തൊഴിൽ നിഷേധം ഏർപ്പെടുത്തിയ ആളാണ് ബി ഉണ്ണികൃഷ്ണനെന്നും കോമ്പറ്റീഷന്‍ കമ്മിഷന്‍ പിഴ ചുമത്തിയ ഒരാളെ സർക്കാർ മലയാള സിനിമയുടെ നയരൂപീകരണ സമിതിയിൽ ഇരുത്താൻ തയ്യാറാവരുത് എന്നും ആഷിഖ് അബു പ്രതികരിച്ചു. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്ന തരത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത് എന്നും വ‍്യാജ ഇടതുപക്ഷം ചമഞ്ഞ് സർക്കാരിനെയും ജനങ്ങളെയും ഉണ്ണികൃഷ്ൻ കബളിപ്പിക്കുകയാണ് എന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.
ഫെഫ്കയുടേത് എന്ന തരത്തിൽ പുറത്തു വന്ന വാർത്താ കുറിപ്പ് ബി ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കും. അത് സംഘടനയുടേതാണ് എന്ന് വിശ്വസിക്കുന്നില്ല. ഒരു തൊഴിലാളി സംഘടനയെ ഉണ്ണികൃഷ്ണൻ ഫ്യൂഡൽ തൊഴുത്തിൽ കെട്ടി കൊണ്ടു നടക്കുകയാണ്. ഒരു തൊഴിലാളി സംഘടനയുടെ മറവിലിരുന്ന് ഇതുപോലെ പ്രതിലോമകരമായ കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആളാണ് ഉണ്ണികൃഷ്ണൻ എന്നാണ് ഇത്തരം പ്രവൃത്തി കൊണ്ട് നമുക്ക് മനസ്സിലാവുന്നത് എന്നും നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും തൊഴിൽ നിഷേധിക്കുന്നയാളാണ് ഉണ്ണി കൃഷ്ണനെന്നും ആഷിഖ് അബു പറഞ്ഞു. ബി ഉണ്ണിക്കൃഷ്ണൻ ഇടതുപക്ഷക്കാരനെന്ന വ്യാജ പരിവേഷം അണിയുകയാണ്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചയാളാണ്. നയരൂപീകരണ സമിതിയില്‍ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
അതേസമയം സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍ നിന്ന് ബി. ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. 12 വർഷത്തോളം തന്നെ വിലക്കിയ വ്യക്തിയാണ് ഉണ്ണികൃഷ്ണൻ. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ നയരൂപീകരണ സമിതിയില്‍ പാടില്ലെന്നും. കോമ്പറ്റീഷന്‍ കമ്മിഷന്‍ പിഴ ചുമത്തിയ വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണനെന്നും വിനയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറഞ്ഞു.
നേരത്തെ, അമ്മ ഭരണസമിതിയുടെ രാജിയിൽ പ്രതികരിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു.