'അദ്ദേഹം ക്ഷമ പറഞ്ഞതിൽ ആത്മാർത്ഥത തോന്നിയില്ല, പണി പാളി എന്ന് മനസ്സിലായപ്പോൾ സോറി പറഞ്ഞതാണ്'; ധ്യാൻ ശ്രീനിവാസൻ

'അദ്ദേഹം ക്ഷമ പറഞ്ഞതിൽ ആത്മാർത്ഥത തോന്നിയില്ല, പണി പാളി എന്ന് മനസ്സിലായപ്പോൾ സോറി പറഞ്ഞതാണ്'; ധ്യാൻ ശ്രീനിവാസൻ
Published on

രമേശ് നാരായണന്റെ മാപ്പ് പറച്ചിലിൽ ആത്മാർത്ഥത തോന്നിയില്ല എന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. പൊതുവേദികളിൽ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും ഇത്തരത്തിലുള്ള ആളുകളെ ആസിഫ് ചെയ്തത് പോലെ ഒരു ചിരിയിൽ ഒതുക്കി നിർത്തണം എന്നും ധ്യാൻ പറഞ്ഞു. രമേശ് നാരായൺ ചെയ്തത് തെറ്റ് തന്നെയാണെന്നും വെെകി ക്ഷമ പറഞ്ഞു എന്നത് കൊണ്ട് കാര്യമില്ലെന്നും ധ്യാൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്:

ഇന്നലെ നടന്ന സംഭവത്തെക്കുറിച്ചുള്ള ന്യൂസ് കണ്ടു. എന്തുകൊണ്ടൊരാൾ അത് ചെയ്തു എന്നുള്ളതാണല്ലോ? എല്ലാവരും ഒരേ മേഖലയിൽ വർക്ക് ചെയ്യുന്നവരാണെല്ലോ. എന്തുകൊണ്ട് ഇത് ചെയ്തു എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി അദ്ദേഹത്തിന്റെ പേര് എന്തോ മാറ്റി വിളിച്ചു സന്തോഷ് നാരായണൻ എന്ന് വിളിച്ചു എന്നാണ്. പിന്നെ അവാർഡ് കൊടുത്തത്തിൽ തന്നെ എനിക്കൊരു പാളിച്ച തോന്നിയിരുന്നു. അദ്ദേഹത്തെപ്പോലെ സീനിയറായിട്ടുള്ള ഒരു മ്യൂസീഷന് നമ്മൾ വേദിയിൽ വിളിച്ച് വേണമല്ലോ പുരസ്കാരം കൊടുക്കാൻ. അതുകൊണ്ടൊക്കെ അ​ദ്ദേഹം മാനസികമായി വിഷമത്തിലായിരുന്നു അതുകൊണ്ടാണ് പുള്ളി ആസിഫിനെ ശ്രദ്ധിക്കാതെ പോയത് എന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ ഒരാൾ അപമാനിക്കപ്പെട്ട് നിൽക്കുന്ന സമയത്ത് അതേ നാണയത്തിൽ നമ്മൾ മറ്റൊരാളെ അപമാനിക്കാൻ പാടുണ്ടോ? അതേ വിഷമം തന്നെയല്ലേ മറ്റേയാളും അനുഭവിച്ചിട്ടുണ്ടാവുക? ഒരു പൊതുവേദിയിൽ ഒന്നും ഒരിക്കലും ഇത് ചെയ്യാൻ പാടില്ല. ആൾക്കാർ കാണുകയല്ലേ? ആ സമയത്ത് ആസിഫിനെ ഇങ്ങനെ അവ​ഗണിക്കുക, അദ്ദേഹം പറയുന്നത് അദ്ദേഹം തോളിൽ തട്ടി എന്നാണ്. അത് കള്ളമല്ലേ തോളിൽ തട്ടിയിട്ടൊന്നുമില്ല, പിന്നെ രാത്രിയായി വാർത്തയൊക്കെ വന്ന് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് പണി പാളി എന്ന് മനസ്സിലായി. അപ്പോൾ അദ്ദേഹം സോറി പറഞ്ഞു. സോറി ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ചെയ്തത് തെറ്റ് തന്നെയാണ് ആസിഫ് ഒരു ചെറിയ ചിരിയോടെ അത് അവസാനിപ്പിച്ചു. ഇത്തരത്തിലുള്ള ആൾക്കാരെ നമ്മൾ ചെറിയ ചിരിയിൽ ഒതുക്കുക എന്നതാണ്. അദ്ദേഹം ക്ഷമ പറഞ്ഞതിൽ ആത്മാർത്ഥത തോന്നിയില്ല. ഇതൊക്കെ കാണിച്ച അഹങ്കാരത്തിന് ദെെവം വഴിയേ കൊടുത്ത പണിയായിട്ടാണ് എനിക്ക് തോന്നിയത്.

Related Stories

No stories found.
logo
The Cue
www.thecue.in