ഏഴ് വർഷം നീണ്ട കാത്തിരിപ്പിനുള്ളിൽ റിലീസ് തയ്യാറെടുക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. വിക്രം നായകനായെത്തുന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ എൻ.ലിംഗുസാമി. ചിത്രത്തിന്റെ ഫെെനൽ കട്ട് മുംബെെയിൽ കാണാനിടയായെന്നും. അത് ഗംഭീരമായിരുന്നു എന്നും എക്സിൽ പങ്കുവച്ച ട്വീറ്റിൽ ലിംഗുസ്വാമി പറഞ്ഞു. ചിത്രത്തിലെ വിക്രമിന്റെയും വിനായകന്റെയും പ്രകടനത്തെക്കുറിച്ചും ഹാരിസ് ജയരാജിന്റെ സംഗീതത്തെക്കുറിച്ചും പരാമർശിച്ച ലിംഗുസ്വാമി ചിത്രത്തിന് തിയറ്ററിൽ മികച്ച് വിജയം കെെവരിക്കാൻ സാധിക്കട്ടെ എന്നും ആശംസിച്ചു. ഒരുവൂരിലെയൊരു ഫിലിം ഹൗസും ഒൺഡ്രാഗ എന്റെർറ്റൈന്മെന്റും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ 24 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ലിംഗുസ്വാമിയുടെ ട്വീറ്റ്:
ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ കട്ട് മുംബൈയിൽ കാണാനിടയായി. ചിത്രം വളരെ ഗംഭീരമായിരുന്നു. നന്നായി നിർമ്മിച്ച, മികച്ചതിന് തുല്യമായ ദൃശ്യങ്ങൾ. ചിയാൻ വിക്രം വളരെ കൂൾ ആയിരുന്നു ഒപ്പം വിനായകൻ സിനിമയെ മുഴുവനായി കവർന്നെടുത്തു. സിനിമയിലെ മറ്റ് വലിയ അഭിനേതാക്കളും എല്ലാവരും മികച്ചതായിരുന്നു. ഗൗതം വാസുദേവ് മേനോൻ, അഭിനന്ദനങ്ങൾ സഹോദരാ, നിങ്ങൾക്കൊപ്പം ഹാരിസ് ജയരാജ് കോമ്പോയിൽ ഞങ്ങൾക്ക് ഒരു രത്നം കൂടി തന്നു. ഒരു നല്ല റിലീസിനായി ആശംസിക്കുന്നു ഒപ്പം വലിയ വിജയത്തിനും ആശംസകൾ.
സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ്മ, പാർത്ഥിപൻ, സിമ്രാൻ, ശരത്കുമാർ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസ, കതിർ, വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി നിർവഹിക്കുന്നു.