'ലാലേട്ടന് നേരെ മോശം വാക്ക് ഉപയോഗിക്കരുത്'; അടൂരിന്റെ 'റൗഡി'പരാമര്‍ശത്തിനെതിരെ ധര്‍മ്മജന്‍

'ലാലേട്ടന് നേരെ മോശം വാക്ക് ഉപയോഗിക്കരുത്'; അടൂരിന്റെ 'റൗഡി'പരാമര്‍ശത്തിനെതിരെ ധര്‍മ്മജന്‍
Published on

മോഹന്‍ലാലിന് 'റൗഡി' ഇമേജുള്ളതുകൊണ്ടാണ് തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാതിരുന്നതെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അടൂരിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലെ പ്രതികരണത്തില്‍ ധര്‍മ്മജന്‍ പറയുന്നു. 'അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും, പക്ഷെ മോഹന്‍ലാല്‍ വലിയ നടനാണ്, അദ്ദേഹത്തിനുനേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നും', ധര്‍മ്മജന്‍ കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ധര്‍മ്മജന്റെ വാക്കുകള്‍:

അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്.

മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ് അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.

മോഹന്‍ലാലിന്റെ 'നല്ല റൗഡി' പ്രതിച്ഛായയാണ് അദ്ദേഹത്തെ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്താത്തതിന് കാരണം എന്നായിരുന്നു ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ നടത്തിയ പരാമര്‍ശം. സിനിമയില്‍ 'നല്ലവനായ റൗഡി' ഇമേജുള്ളയാളാണ് മോഹന്‍ലാല്‍. ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല. അതുകൊണ്ടാണ് മോഹന്‍ലാലിനെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

അതല്ലാത്ത വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടാകാമെങ്കിലും മോഹന്‍ലാലിനെക്കുറിച്ച് തന്റെ മനസില്‍ ഉറച്ചുപോയ ചിത്രം 'നല്ലവനായ റൗഡി' എന്നതാണെന്നും അടൂര്‍ വ്യക്തമാക്കി. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സംവിധായകന്‍ മേജര്‍ രവി അടക്കമുള്ളവരും നേരത്തെ അടൂർ ഗോപാലകൃഷ്ണനെതിരെ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in