ധനുഷിന് തിരക്കഥയൊരുക്കാന്‍ സുഹാസ്-ഷർഫു, സംവിധാനം കാര്‍ത്തിക് നരേന്‍

ധനുഷിന് തിരക്കഥയൊരുക്കാന്‍ സുഹാസ്-ഷർഫു, സംവിധാനം കാര്‍ത്തിക് നരേന്‍

Published on

ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് മലയാളികളായ ഷറഫും സുഹാസും. ധ്രുവങ്ങള്‍ പതിനാറ്, മാഫിയ എന്നീ സിനിമകള്‍ക്ക് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്നത് ധനുഷിന്റെ 43ാമത്തെ സിനിമയാണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഗാംഗ്സ്റ്റര്‍ ത്രില്ലര്‍ 'ജഗമേ തന്തിരം' ആണ് ധനുഷ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരിയേറും പെരുമാള്‍ ഒരുക്കിയ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'കര്‍ണന്‍' ആണ് ധനുഷിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ആനന്ദ് എല്‍ റായിയുടെ സംവിധാനത്തില്‍ ബോളിവുഡ് ചിത്രവും, സഹോദരന്‍ സെല്‍വരാഘവന്റെ സംവിധാനത്തില്‍ പുതുപ്പേട്ടൈ രണ്ടാം ഭാഗവും ധനുഷ് നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനുഷിന്റെ നാല്‍പ്പതാമത് ചിത്രമായിരുന്നു ജഗമേ തന്തിരം. നാല്‍പ്പത്തിയൊന്നാമത് ചിത്രമായാണ് കര്‍ണന്‍ ഒരുങ്ങുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന സിനിമയുടെ തിരക്കഥയൊരുക്കിയാണ് സുഹാസ്--ഷർഫു ഇരട്ടത്തിരക്കഥാകൃത്തുക്കള്‍ രംഗത്ത് വന്നത്. പിന്നീട് മുഹ്‌സിന്‍ പരാരിക്കൊപ്പം വൈറസ് എന്ന സിനിമയുടെ രചനയിലും ഇവര്‍ പങ്കാളികളായി. ധനുഷിന്റെ പുതിയ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്ന കാര്യം സംവിധായകന്‍ കാര്‍ത്തിക് നരേനും, സുഹാസും സ്ഥിരീകരിച്ചിട്ടുണ്ട്.

2020ല്‍ സുപ്രധാന പ്രൊജക്ടുകളാണ് ധനുഷ് പ്രഖ്യാപിച്ചിരിക്കുന്നത്. 2020 ഒക്ടോബര്‍ റിലീസായി ആലോചിക്കുന്ന കാര്‍ത്തിക് നരേന്‍ ചിത്രം സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കുമെന്നാണ് സൂചന. ത്രില്ലറായിരിക്കും ചിത്രമെന്നറിയുന്നു.

logo
The Cue
www.thecue.in