റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത 'ദ ഗ്രേ മാനാ'ണ് നടന്‍ ധനുഷിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ച ചിത്രം ജൂലൈ 22നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അമേരിക്കയില്‍ വെച്ച് നടന്ന ദ ഗ്രേ മാന്‍ സ്‌ക്രീനിങ്ങിന് ശേഷം താന്‍ എങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്.
റൂസോ ബ്രദേഴ്‌സുമായി നേരത്തെ പരിചയം ഉണ്ടായിരുന്നോ അതോ പെട്ടെന്നൊരു ദിവസം ഇങ്ങനെയൊരു അവസരം ധനുഷിനെ തേടി വരുകയായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് 'സത്യത്തില്‍ ഞാനെങ്ങനെ ഈ സിനിമയിലെത്തി എന്ന് എനിക്ക് വലിയ പിടിയില്ല', എന്നാണ് ധനുഷ് മറുപടി പറഞ്ഞത്.
'ഒരു വമ്പന്‍ ഹോളിവുഡ് പ്രോജക്ട് ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഏതു സിനിമയാണ്, ആരുടെ സിനിമയാണ് എന്ന എന്റെ ചോദ്യങ്ങള്‍ക്ക് അതൊരു വമ്പന്‍ ടീമാണെന്നു മാത്രമായിരുന്നു ആദ്യം കിട്ടിയ മറുപടി. പിന്നീടാണ് റൂസോ ബ്രദേഴ്‌സിന്റെ പ്രൊജക്ടാണെന്ന് അറിയുന്നത്. അപ്പോഴാണ് എനിക്ക് സിനിമയുടെ വലിപ്പം മനസിലായത്. റൂസോ ബ്രദേഴ്‌സ് എന്ന പേര് കേട്ടതും ഞാന്‍ അമ്പരന്നു', ധനുഷ് പറഞ്ഞു.
'ഇതിലും വിലയ പ്രൊജക്ട് എനിക്ക് കിട്ടാനില്ല. ഞാന്‍ ശരിക്കും ആവേശഭരിതനാണ്. കൂടുതല്‍ പഠിക്കാനും സ്വയം കണ്ടെത്താനും കഴിയുന്ന അവസരങ്ങള്‍ ഞാന്‍ അന്വേഷിക്കാറുണ്ട്. ദ ഗ്രേ മാന്‍ അത്തരത്തില്‍ ഒന്നായിരുന്നു', എന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.
അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ റൂസോ, ആന്റണി റൂസോ എന്നിവരുടെ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് 'ദി ഗ്രേ മാന്‍'. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ദി ഗ്രേ മാനെ'ന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ്, തുടങ്ങിയവര്‍ക്കൊപ്പം ധനുഷും പ്രധാന വേഷം ചെയ്യുന്നു.
മാര്‍ക്ക് ഗ്രേനെയുടെ 'ദി ഗ്രേ മാന്‍' എന്ന ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് ജെന്‍ട്രി എന്ന മുന്‍കാല സി.ഐ.എ ഓപ്പറേറ്റീവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. റെയാന്‍ ഗോസ്ലിങ്ങാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെസീക്ക ഹെന്‍വിക്ക്, വാഗ്‌നര്‍ മൗറ, ബില്ലി ബോബ് തോണ്‍ടണ്‍, ആല്‍ഫ്രെ വുഡാര്‍ഡ്, റെഗെ-ജീന്‍ പേജ്, ജൂലിയ ബട്ടേഴ്സ്, ഇമെ ഇക്വാകോര്‍, സ്‌കോട്ട് ഹേസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.