അവഞ്ചേഴ്‌സ് സംവിധായികരായ റൂസോ ബ്രദേഴ്‌സിന്റെ ദ ഗ്രേ മാന്‍ ജൂലൈ 22നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസിന് ശേഷം ചിത്രത്തിന്റെ സീക്വല്‍ ഉണ്ടാകുമെന്ന് സംവിധായകര്‍ അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ ധനുഷിന്റെ അവിക് സാന്‍ (ലോണ്‍ വൂള്‍ഫ്) എന്ന കഥാപാത്രവും ഉണ്ടാകുമെന്ന് സംവിധായകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ധനുഷ് തന്നെ സീക്വലിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.
'ദ ഗ്രേ മാന്‍ യൂണിവേഴ്‌സ് എക്‌സ്പാന്‍ഡ് ചെയ്യുകയാണ്. സീക്വല്‍ വരുന്നുണ്ട്. ലോണ്‍ വൂള്‍ഫ് റെഡിയാണ്. നിങ്ങളോ?' എന്നാണ് ധനുഷ് ചിത്രത്തിലെ തന്റെ കഥാപാത്രം സംസാരിക്കുന്ന ഒരു ഓഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
'സിക്‌സ്, ഇത് ലോണ്‍ വൂള്‍ഫ് ആണ്. നമ്മള്‍ രണ്ട് പേരും ഒരേ വ്യക്തിയെയാണ് തിരഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. എനിക്ക് നിങ്ങള്‍ക്ക് ഒരു ഉപദേശമെ നല്‍കാനുള്ളു. നിങ്ങള്‍ സമയം കളയുകയാണ്. കാരണം ഞാന്‍ ആണ് അയാളെ ആദ്യം കണ്ടെത്തുന്നതെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ചെയ്യാനായി ഒന്നും കാണില്ല. ഇനി നിങ്ങളാണ് ആദ്യം അയാളെ കണ്ടെത്തുന്നതെങ്കില്‍ ഞാന്‍ നിങ്ങളെ കണ്ട് പിടിക്കും. ഇതില്‍ വ്യക്തിപരമായ വിരോധമൊന്നും തന്നെ ഇല്ല' എന്ന് ലോണ്‍ വൂള്‍ഫ് റയാന്‍ ഗോസ്ലിംഗിന്റെ സൈറ സിക്‌സ് എന്ന കഥാപാത്രത്തോടായി പറയുന്ന ഓഡിയോയാണ് ധനുഷ് പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ റൂസോ ബ്രദേഴ്‌സ് എന്തുകൊണ്ടാണ് ധനുഷിന്റെ കഥാപാത്രത്തെ ആദ്യ ഭാഗത്തില്‍ കൊല്ലാതിരുന്നത് എന്നതിന് ഉത്തരം നല്‍കിയിരുന്നു.
'ധനുഷ് എന്ന നടനെ കൃത്യമായി ഉപയോഗിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ട്. സിനിമയിലെ നായകനെ കണ്ട് പിടിക്കാന്‍ വരുന്ന ഒരു കഥാപാത്രമായി മാത്രം ധനുഷിനെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ലായിരുന്നു. കാരണം ധനുഷ് ഗോസ്ലിംഗിനെ പോലെ തന്നെ കഴിവും നിശ്ചയദാര്‍ഢ്യവും ഉള്ള വ്യക്തിയാണ്. സിനിമയുടെ ഒരു ഘട്ടത്തില്‍ മടങ്ങി വരാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ബാക്ക് സ്‌റ്റോറി ധനുഷിന്റെ കഥാപാത്രത്തിനുണ്ട്. അയാളും ഒരു നായകനാണ്' എന്നായിരുന്നു റൂസോ ബ്രദേഴ്‌സ് പറഞ്ഞത്.