ഒരു പതിനാറ് വയസ്സുകാരൻ പയ്യന്റെ ആഗ്രഹത്തിന് താൻ കൊടുത്ത സമ്മാനമാണ് പോയസ് ഗാർഡനിൽ താൻ വാങ്ങിയ ആഢംബര ഗൃഹം എന്ന് നടൻ ധനുഷ്. പോയസ് ഗാർഡനിൽ രജിനികാന്ത്, ജയലളിത എന്നിവരുടെ വീടിനടുത്തായി ധനുഷ് സ്വന്തമായി വീട് വാങ്ങിയത് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ താൻ വീട് വാങ്ങിയ കാര്യം ഇത്രയും വലിയ ചർച്ചയുണ്ടാക്കുമെന്ന് തനിക്ക് അറിയുമായിരുന്നില്ല എന്നും ആ വീട് വാങ്ങിയതിന് പിന്നിൽ ഒരു കഥയുണ്ടെന്നും ധനുഷ് പറഞ്ഞു. റായൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ ആ കഥ ധനുഷ് പങ്കുവച്ചു.
ധനുഷ് പറഞ്ഞത്:
പോയസ് ഗാർഡനിലെ വീട്. ഇത് ഇത്രയും വലിയ ഒരു ചർച്ചയാകും എന്ന് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ മിണ്ടാതെ ചെറിയൊരു അപ്പാർട്ട്മെന്റിൽ ഞാൻ താമസിച്ചേനെ. ഞങ്ങൾക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങാൻ പാടില്ല എന്നുണ്ടോ? തെരുവിൽ നിന്ന് വന്നു എന്നത് കൊണ്ട് അവിടെ തന്നെ ഇരിക്കണം എന്നുണ്ടോ? പോയസ് ഗാർഡൻ വീടിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. എനിക്ക് ഒരു പതിനാറ് വയസ്സുള്ള സമയം. ബെെക്കിൽ എന്റെ സുഹൃത്തിനൊപ്പം കത്തീഡ്രൽ റോഡിലൂടെ പോവുകയായിരുന്നു, ഞാൻ ആരുടെ ഫാൻ ആണ് എന്ന് നിങ്ങൾ എല്ലാവർക്കും അറിയാം. തലെെവരുടെ വീട് കാണണം എന്ന് എനിക്ക് ആഗ്രഹം തോന്നി. തലൈവർ വീട് എവിടെയാണ് എന്ന് അവിടെ അടുത്ത് ഉള്ളവരോട് ഞാൻ ചോദിച്ചു. അയാൾ ഞങ്ങൾക്ക് വഴി കാണിച്ചു തന്നു. ഉള്ളിലേക്ക് പോയപ്പോൾ അവിടെ കുറേ പോലീസുകാർ നിൽക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചു, വഴി കാട്ടി തന്നിട്ട് വേഗം തിരിച്ചുവരണമെന്ന് അവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ട് പേരും വീട് കാണാൻ പോയി. ഒരിടത്ത് നിന്ന് തലെെവരുടെ വീട് നോക്കി.. ദാ ഇത് ആണെടാ തലെെവരുടെ വീട് എന്ന് പറഞ്ഞ് സന്തോഷത്തിൽ ബെക്കിൽ തരിച്ചു വന്നു. എന്നാൽ തിരിച്ച് വരും വഴി അപ്പുറത്തെ വശത്തും വലിയൊരു കൂട്ടം ആൾക്കാരെ ഞങ്ങൾ കണ്ടു. ആ വശത്ത് തലെെവരുടെ വീടാണ്. എന്നാൽ ഈ വശത്ത് ആരുടെ വീടാണ്? അവിടെ എന്താണ് ആൾക്കൂട്ടം എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു. ഈ വശത്ത് ജയലളിതാമ്മയുടെ വീടാണ് എന്ന്. ഞാൻ ബെെക്ക് നിർത്തിയിട്ട് ഒരു നിമിഷം അങ്ങനെയേ അങ്ങ് ഇറങ്ങി നിന്നു. അങ്ങോട്ട് നോക്കിയാൽ രജിനി സാർ വീട്, ഇങ്ങോട്ട് നോക്കിയാൽ ജയലളിതാമ്മയുടെ വീട്. ഒരു നാൾ.. ഒരു നാൾ എങ്ങനെയെങ്കിലും ഇതുപോലെ പോയസ് ഗാർഡനിൽ ചെറുതാണെങ്കിലും ഒരു വീട് വാങ്ങണം എന്ന് ഒരു വാശി അന്ന് മനസ്സിൽ വീണു. അന്ന് എനിക്ക് പതിനാറ് വയസ്സ്. വീട്ടിൽ മുഴുവൻ കഷ്ടപ്പാടും പ്രശ്നങ്ങളും. 'തുളളുവതോ ഇളമൈ' എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നേനെ. അന്ന് അത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ് പോയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരുന്ന അന്നത്തെ വെങ്കിട്ടേഷ് പ്രഭുവിന് ഇരുപത് വർഷം കഴിഞ്ഞ് ഇന്നുള്ള ഈ ധനുഷ് കൊടുത്ത സമ്മാനമാണ് പോയസ് ഗാർഡനിലെ ആ വീട്.
150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിൽ പണി തീർത്തിരിക്കുന്ന വീടാണ് പോയ്സ് ഗാർഡനിൽ ധനുഷ് സ്വന്തമാക്കിയിരിക്കുന്നത്.