അഞ്ചാം ദിനം ആഗോള ബോക്സ് ഓഫീസിൽ 340 കോടിയിലേക്ക് കുതിച്ച് ജൂനിയർ എൻടിആർ ചിത്രം ദേവര. മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്ന് മാത്രമായി 13.5 കോടി രൂപയാണ് ദേവര നേടിയത്. ഒക്ടോബർ 2 പൊതു അവധി ദിനമായതിനാൽ ദേവരയുടെ ബുക്കിംഗിലും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷൻ 186 കോടിയാണ്, ആഗോള ബോക്സ് ഓഫീസിൽ 340 കടക്കാനൊരുങ്ങുകയാണ് ദേവര. അതേ സമയം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം ഇതുവരെ നേടിയത് 8 കോടിയാണ്. ഹിന്ദി പതിപ്പ് നേടിയത് 5 കോടിയോളവും. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മുമ്പില്ലാത്ത വിധം ഒരു കുതിച്ച് ചാട്ടം ഉണ്ടാകുന്നുണ്ടെന്നാണ് ബോക്സ് ഓഫീസ് ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എന്ന ചിത്രത്തിനും മുമ്പ് ഇതേ ട്രെന്റ് ഉണ്ടായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനെക്കാൾ ഹിന്ദി പതിപ്പാണ് ബോക്സ് ഓഫീസിൽ മുന്നിട്ട് നിന്നത്.
ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻ.ടി.ആറും ഒന്നിക്കുന്ന ചിത്രമാണ് ദേവര. ആദ്യ ദിവസത്തെ പ്രീ-സെയിൽസിലിൽ ഇന്ത്യയിൽ നിന്ന് 45 കോടിയിലധികം ഗ്രോസും പ്രീമിയർ സെയിൽസ് ഉൾപ്പെടെ വിദേശത്ത് നിന്ന് ഏകദേശം 30 കോടി രൂപയും ദേവര നേടിയിരുന്നു. ഇതോടെ പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എഡിക്ക് ശേഷം 2024 ലെ രണ്ടാമത്തെ വലിയ ഓപ്പണറായാണ് ദേവര മാറിയത്. ജൂനിയർ എൻടിആറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രം എന്ന ഖ്യാതി കൂടിയാണ് ഇതോടെ ദേവര സ്വന്തമാക്കിയിരിക്കുന്നത്.
രാജമൗലി ചിത്രം ആർആർആർ ന് ശേഷം റിലീസിനെത്തുന്ന ജൂനിയർ എൻടിആർ ചിത്രമാണ് ദേവര. ജാൻവി കപൂർ ആണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്നത്. യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. . രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ജൂനിയർ എൻടിആർ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്