ആഭ്യന്തര ബോക്സ് ഓഫീസിൽ 77 കോടിയുടെ ഓപ്പണിംഗ് കളക്ഷനുമായി ജൂനിയർ എൻ.ടി.ആർ ചിത്രം ദേവര. ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻ.ടി.ആറും ഒന്നിക്കുന്ന ചിത്രമാണ് ദേവര. രാജ്യത്തുടനീളം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 8000 ഷോകളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. 4200 ഷോകളോളം തെലുങ്കിലും 3200 ഷോകൾ ഹിന്ദിയിലും ചിത്രത്തിനുണ്ടായിരുന്നു. റിലീസിനെത്തി ഒറ്റ ദിവസം കൊണ്ട് 68.6 കോടി രൂപയാണ് ചിത്രത്തിന് തെലുങ്കിൽ നിന്ന് മാത്രമായി ലഭിച്ചത്. ഹിന്ദിയിൽ 7 കോടി രൂപയും തമിഴിൽ 80 ലക്ഷം രൂപയും കന്നഡയിലും മലയാളത്തിലും നിന്നായി 30 ലക്ഷം രൂപ വീതവും ദേവര നേടിയതായി ബോക്സ് ഓഫീസ് ട്രാക്കേഴസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ദേവര ആഗോളതലത്തിൽ 140 കോടി കടക്കുമെന്നാണ് പ്രതീക്ഷകൾ.
ആദ്യ ദിവസത്തെ പ്രീ-സെയിൽസിലിൽ ഇന്ത്യയിൽ നിന്ന് 45 കോടിയിലധികം ഗ്രോസും പ്രീമിയർ സെയിൽസ് ഉൾപ്പെടെ വിദേശത്ത് നിന്ന് ഏകദേശം 30 കോടി രൂപയും ദേവര നേടിയിരുന്നു. ഇതോടെ പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എഡി എന്ന ചിത്രത്തിന് ശേഷം 2024-ലെ രണ്ടാമത്തെ വലിയ ഓപ്പണറായി മാറിയിരിക്കുകയാണ് ദേവര. ജൂനിയർ എൻടിആറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രം എന്ന ഖ്യാതി കൂടിയാണ് ഇതോടെ ദേവര സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം മറ്റ് വലിയ ചിത്രങ്ങളുടെ റിലീസുകളൊന്നുമില്ലാത്തതിനാൽ ദേവരയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്.
രാജമൗലി ചിത്രം ആർആർആർ ന് ശേഷം റിലീസിനെത്തുന്ന ജൂനിയർ എൻടിആർ ചിത്രമാണ് ദേവര. ജാൻവി കപൂർ ആണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്നത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. . രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ജൂനിയർ എൻടിആർ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.